സി.പി.എം വോട്ടുകൾ ചോർന്നു; തോൽവി ഗൗരവതരം; എൽ.ഡി.എഫ് യോഗത്തിൽ തുറന്നുപറയുമെന്ന് ജോസ് കെ. മാണി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തെക്കുറിച്ച് ഗൗരവതരമായ പ്രതികരണവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. മലബാർ മേഖലയിൽ സി.പി.എം അണികളുടെ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെന്നും ഇക്കാര്യം ഒളിച്ചുവെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടിടത്ത് വിജയപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും പരാജയപ്പെടാനുണ്ടായ കാരണങ്ങൾ പരിശോധിക്കും. സംഘടനാരീതിയുള്ള ചോർച്ചയല്ല പരാജയത്തിന് പിന്നിലെന്നും, നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് ജനകീയ മുഖം നൽകാൻ കഴിയാത്തത് തിരിച്ചടിയായെന്നും അദ്ദേഹം സ്വയം വിമർശനം നടത്തി. മുന്നണി മാറ്റത്തെക്കുറിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സി.പി.എം അണികളുടെ വോട്ട് ചോർച്ച ഗൗരവതരമാണെന്നും ഇത് സി.പി.എം തന്നെ പരിശോധിക്കേണ്ടതാണെന്നും കൂട്ടിചേർത്തു. വരാനിരിക്കുന്ന എൽ.ഡി.എഫ് യോഗത്തിൽ എല്ലാ കാര്യങ്ങളും മുഖം നോക്കാതെ തുറന്നുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

പി.ജെ. ജോസഫ് മുന്നണിയിലേക്ക് നൽകിയ ക്ഷണം ആത്മാർത്ഥമല്ലെന്നും അത് പരിഹസിക്കാനാണെന്നും ജോസ് കെ. മാണി പ്രതികരിച്ചു. പി.ജെ. ജോസഫിന് രാഷ്ട്രീയത്തിൽ 50 വർഷം പൂർത്തിയാക്കാൻ കുറച്ചുനാൾ കൂടി മതിയായിരുന്നുവെന്നും, എന്നാൽ അത് അനുവദിക്കാതിരുന്ന അദ്ദേഹത്തിന്റെ മകൻ ധൂർത്ത പുത്രനാണോ സ്വാർത്ഥ പുത്രനാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കേരള കോൺഗ്രസ് ഗ്രൂപ്പുകൾക്കിടയിലുള്ള പോര് തിരഞ്ഞെടുപ്പിന് ശേഷവും കടുക്കുന്നതിന്റെ സൂചനയായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പിൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് പത്തനംതിട്ട ജില്ലയിൽ എൽ.ഡി.എഫും സി.പി.എമ്മും വലിയ തിരിച്ചടിയാണ് നേരിട്ടത്. മുൻപ് അഞ്ചു സീറ്റും എൽ.ഡി.എഫിന്റെ കൈവശമായിരുന്നെങ്കിൽ ഇപ്പോൾ അത് ഒന്നിലേക്ക് ചുരുങ്ങി. കോന്നിയിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്, അതും നേരിയ ഭൂരിപക്ഷത്തിൽ. യു.ഡി.എഫ് നേടിയ ഈ വിജയം ബി.ജെ.പിയുമായി ഉണ്ടാക്കിയ രഹസ്യ ഡീലിന്റെ ഭാഗമാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാൽ, ശബരിമല സ്വർണക്കൊള്ള വിവാദവും അന്നത്തെ മന്ത്രിയായിരുന്ന വീണാ ജോർജിനെതിരെയുള്ള ജനവികാരവുമാണ് തിരിച്ചടിക്ക് കാരണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം തന്നെ വിലയിരുത്തുന്നുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles