കണ്ണൂർ: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിയമിക്കണമെന്ന ആവശ്യവുമായി കണ്ണൂർ ഇരിട്ടിയിൽ കോൺഗ്രസ് പ്രവർത്തകന്റെ ശയനപ്രദക്ഷിണം. മാടത്തി സ്വദേശി പി.വി. രാജനാണ് ഇരിട്ടി ബ്ലോക്ക് ഓഫീസിന് മുന്നിലുള്ള റോഡിൽ ഉച്ചയോടെ ഈ വേറിട്ട പ്രതിഷേധം നടത്തിയത്. “പട നയിച്ചവൻ നാട് നയിക്കട്ടെ” എന്ന പ്ലക്കാർഡും ഏന്തിയായിരുന്നു രാജന്റെ ശയനപ്രദക്ഷിണം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് തലത്തിൽ അന്തിമ തീരുമാനമാകാത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങൾ മുറുകുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, വി.ഡി. സതീശൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നത് പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശൻ അനുകൂലികൾ പ്രിയ നേതാവിന്റെ ചിത്രങ്ങളുമായി തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുണ്ട്. അതേസമയം, ഹൈക്കമാൻഡ് തീരുമാനം തങ്ങൾക്കനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിൽ കെ.സി. വേണുഗോപാൽ പക്ഷവും വിപുലമായ പ്രകടനങ്ങൾക്കായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. ഡൽഹിയിൽ നിന്നുള്ള ഓരോ നീക്കവും അതീവ ജാഗ്രതയോടെയാണ് ഇരുവിഭാഗവും ഇപ്പോൾ ഉറ്റുനോക്കുന്നത്.



