കർണാടകയിലെ ഹിജാബ് വിലക്ക് പിൻവലിച്ചത് സ്വാഗതാർഹം; മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നടപടിയെന്ന് കാന്തപുരം

കോഴിക്കോട്: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ സർക്കാർ നടപടിയെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സ്വാഗതം ചെയ്തു. രാജ്യത്തിന്റെ മതേതര മൂല്യങ്ങളെയും പാരമ്പര്യത്തെയും ഉയർത്തിപ്പിടിക്കുന്നതാണ് ഈ തീരുമാനമെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധവും വിദ്യാഭ്യാസ അവകാശത്തെ നിഷേധിക്കുന്നതുമായ മുൻ സർക്കാരിന്റെ നിലപാട് തിരുത്താൻ തയ്യാറായ കർണാടക ഭരണകൂടത്തെ അദ്ദേഹം അഭിനന്ദിച്ചു. സമത്വം, അന്തസ്സ്, സാഹോദര്യം തുടങ്ങിയ ഭരണഘടനാ തത്വങ്ങളെയും ‘നാനാത്വത്തിൽ ഏകത്വം’ എന്ന പാരമ്പര്യത്തെയും ഉൾക്കൊള്ളുന്നതാണ് പുതിയ ഉത്തരവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിജാബ് നിരോധനം നടപ്പിലാക്കിയ ഘട്ടം മുതൽ തന്നെ ഉത്തരവാദപ്പെട്ടവരെ പ്രതിഷേധം അറിയിച്ചിരുന്നതായും കാന്തപുരം വെളിപ്പെടുത്തി. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രി, ന്യൂനപക്ഷ ക്ഷേമ മന്ത്രി, സ്പീക്കർ എന്നിവരുമായി അദ്ദേഹം നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. കഴിഞ്ഞ മാസം ദേശീയ നേതാക്കളുമായും കർണാടക മന്ത്രിയുമായും വിഷയം ചർച്ച ചെയ്യുകയും ആ ഘട്ടത്തിൽ തന്നെ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇത്തരം ക്രിയാത്മകമായ ഇടപെടലുകൾക്കൊടുവിൽ വന്ന പുതിയ ഉത്തരവ് വിവേചനരഹിതമായും നിഷ്പക്ഷമായും നടപ്പിലാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും അധികൃതരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസപരമോ പരമ്പരാഗതമോ ആയ വസ്ത്രധാരണത്തിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടരുതെന്നും കാന്തപുരം പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles