തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.07 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (99.05%) വിജയശതമാനത്തിൽ നേരിയ വർധനവുണ്ട്. പരീക്ഷ എഴുതിയ 4,27,105 വിദ്യാർത്ഥികളിൽ 4,10,456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് വാർത്താ സമ്മേളനത്തിലൂടെ ഫലം പുറത്തുവിട്ടത്.
റവന്യൂ ജില്ലകളിൽ പത്തനംതിട്ടയാണ് ഏറ്റവും ഉയർന്ന വിജയശതമാനം രേഖപ്പെടുത്തിയത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗൾഫ് മേഖലകളിലുമായി 3031 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടന്നത്. ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിൽ നിന്നായി 386 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇത്തവണ പുതുക്കിയ പാഠപുസ്തകങ്ങളുടെയും ചോദ്യപേപ്പർ ഘടനയിലെ മാറ്റങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു പരീക്ഷാ നടത്തിപ്പ്. എസ്.എസ്.എൽ.സിക്ക് പുറമെ ടി.എച്ച്.എസ്.എൽ.സി, ഹിയറിങ് ഇംപേർഡ് വിഭാഗങ്ങൾക്കായുള്ള സ്പെഷ്യൽ സ്കൂൾ പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 3.30 മുതൽ വിവിധ ഔദ്യോഗിക വെബ്സൈറ്റുകളിലും (sslcexam.kerala.gov.in, results.kite.kerala.gov.in തുടങ്ങിയവ) ഡിജി ലോക്കറിലും ഫലം ലഭ്യമാകും. കൂടാതെ ഐ.ടി മിഷന്റെ വാട്സ് ആപ്പ് നമ്പറിലൂടെയും (9188619958) ഫലം അറിയാൻ സാധിക്കും. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിനും വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കുന്നതിനും മുമ്പ് തന്നെ ഫലം പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി നിർദ്ദേശിച്ചിരുന്നു. ഭരണമാറ്റം സംബന്ധിച്ച രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഫലപ്രഖ്യാപനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും നിശ്ചയിച്ച തീയതിയിൽ തന്നെ ഫലം പുറത്തുവിടാൻ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചു.



