തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി സന്ദർശിച്ചെങ്കിലും അനുനയ നീക്കങ്ങൾ പൂർണ്ണമായി ഫലം കണ്ടില്ല. ഇന്ന് രാവിലെ പത്ത് മണിക്ക് സന്ദർശനം നിശ്ചയിച്ചിരുന്നെങ്കിലും ഗുരുവായൂർ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ചെന്നിത്തല ഉടൻ തന്നെ വീട്ടിൽ നിന്ന് പുറത്തുപോയത് കൂടിക്കാഴ്ച വൈകാൻ കാരണമായി. രണ്ടു മണിക്കൂറിന് ശേഷം അദ്ദേഹം തിരിച്ചെത്തിയപ്പോഴാണ് സതീശന് ചെന്നിത്തലയെ കാണാനായത്. അരമണിക്കൂറോളം നീണ്ട അടച്ചിട്ട ചർച്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു.
തങ്ങൾക്കിടയിൽ ഉപാധികളില്ലെന്നും പുതിയ സർക്കാരിന്റെ ദൗത്യം ഒരുമിച്ച് നിറവേറ്റുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മുഖത്തെ അസംതൃപ്തി പ്രകടമായിരുന്നു. പുതിയ മന്ത്രിസഭയിൽ പങ്കാളിയാവുമോ എന്ന ചോദ്യത്തിന് “പാർട്ടി തീരുമാനിക്കട്ടെ” എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. നിലപാടിൽ നേരിയ അയവ് വരുത്തിയെങ്കിലും മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ അദ്ദേഹം ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. തന്നെ പിന്തുണച്ച് സതീശൻ കത്ത് നൽകിയെങ്കിലും, വൈകുന്നേരം നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ചെന്നിത്തല പങ്കെടുക്കാതിരുന്നത് പ്രതിഷേധത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ചെന്നിത്തലയെ അനുനയിപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അദ്ദേഹത്തിന്റെ വസതിയിലെത്തി നിലവിൽ ചർച്ചകൾ നടത്തുകയാണ്. 2021-ൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ സോണിയ ഗാന്ധി നൽകിയ വാഗ്ദാനങ്ങൾ ഇത്തവണയും പാലിക്കപ്പെട്ടില്ലെന്ന വലിയ പരാതി ചെന്നിത്തലയ്ക്കുണ്ട്. തന്റെ സീനിയോറിറ്റിയും ഭരണപരിചയവും ഹൈക്കമാൻഡ് അവഗണിച്ചുവെന്നും, തനിക്കൊപ്പം ദേശീയ തലത്തിൽ പ്രവർത്തിച്ച പലരും മറ്റു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായ കാര്യവും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സതീശൻ-വേണുഗോപാൽ സഖ്യത്തിന്റെ നീക്കങ്ങളിൽ അതൃപ്തിയുള്ള ചെന്നിത്തല മന്ത്രിസഭയിൽ ചേരുന്നതിന് കടുത്ത ഉപാധികൾ മുന്നോട്ടുവെക്കുന്നതായാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യൻ പ്രതിസന്ധിയും ഇന്ധനവില വർധനയും നേരിടുന്ന ഈ ഘട്ടത്തിൽ പാർട്ടിയിലെ ആഭ്യന്തര കലഹം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്.



