കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഒബിസി സംവരണവും മതാധിഷ്ഠിത ധനസഹായ പദ്ധതികളും നിർത്തലാക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ തീരുമാനിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. സംസ്ഥാനത്ത് നിലവിലുള്ള സംവരണ യോഗ്യത പുനർനിർണ്ണയിക്കുന്നതിനായി പുതിയ പാനൽ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. മതാടിസ്ഥാനത്തിൽ നൽകിവന്നിരുന്ന എല്ലാ സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും വരും ജൂൺ മാസം മുതൽ പൂർണ്ണമായും നിർത്തലാക്കാനാണ് സർക്കാർ നീക്കം.
ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്‌സ്, ന്യൂനപക്ഷ കാര്യ-മദ്രസ വിദ്യാഭ്യാസ വകുപ്പുകൾ മുഖേന നടപ്പിലാക്കിവന്ന ഇത്തരം മതാധിഷ്ഠിത പദ്ധതികളാണ് ഇതോടെ അവസാനിപ്പിക്കുന്നത്. മുൻപ് 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിക്കൊണ്ടുള്ള കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ 2024-ൽ മമത ബാനർജി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്ന ഹരജി ബിജെപി സർക്കാർ പിൻവലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നിലവിലെ ഒബിസി പട്ടിക തന്നെ റദ്ദാക്കിക്കൊണ്ടുള്ള പുതിയ സർക്കാർ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
2011-ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ സംസ്ഥാനത്ത് വിതരണം ചെയ്ത 1.69 കോടിയോളം വരുന്ന എസ്.സി, എസ്.ടി, ഒബിസി സർട്ടിഫിക്കറ്റുകൾ വീണ്ടും സമഗ്രമായി പരിശോധിക്കാൻ പുതിയ ബിജെപി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ വ്യാപകമായി വിതരണം ചെയ്യപ്പെട്ടെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. മമത സർക്കാരിന്റെ വിവാദമായ ‘ദുആരെ സർക്കാർ’ പദ്ധതിയിലൂടെ വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളും ഈ പരിശോധനയുടെ പരിധിയിൽ വരും. പരിശോധനയിൽ അനധികൃതമായി ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി കണ്ടെത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.



