കാസറഗോഡ് : പെരിയ ഇരട്ടക്കൊലപാതക കേസിലെ മുഴുവൻ പ്രതികൾക്കും കൂട്ട പരോൾ അനുവദിച്ച നടപടിക്കെതിരെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിന്റെ കുടുംബം രംഗത്ത്. എൽ.ഡി.എഫ് സർക്കാർ കാലാവധി പൂർത്തിയാക്കി അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് പ്രതികൾക്ക് പരോൾ ലഭിക്കാനുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ പുതുതായി യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന പശ്ചാത്തലത്തിൽ, ക്രൂരമായ കൊലപാതകം നടത്തിയ പ്രതികൾ യാതൊരു നിയന്ത്രണവുമില്ലാതെ പുറത്തിറങ്ങുന്നത് കോൺഗ്രസ് പ്രവർത്തകർക്കിടയിലും കടുത്ത അമർഷത്തിനും അസ്വസ്ഥതയ്ക്കും കാരണമായിട്ടുണ്ട്.
പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പത്ത് പ്രതികൾക്കാണ് 20 ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്. ഇതിൽ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ ജയിലിൽ നിന്ന് പുറത്തിറങ്ങി വീടുകളിലെത്തിക്കഴിഞ്ഞു. രണ്ടാം പ്രതി സജി, മൂന്നാം പ്രതി സുരേഷ്, ആറാം പ്രതി ശ്രീരാഗ്, എട്ടാം പ്രതി സുഭീഷ്, പത്താം പ്രതി രഞ്ജിത്ത് എന്നിവർ അടുത്ത ദിവസങ്ങളിൽ ജയിൽ മോചിതരാകും. വിചാരണ പൂർത്തിയാക്കി ശിക്ഷിക്കപ്പെട്ട് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ പ്രതികൾക്ക് വീണ്ടും പരോൾ ലഭിക്കുന്നത് വലിയ ആക്ഷേപങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.
പ്രതികൾക്ക് കൂട്ടപ്പരോൾ അനുവദിച്ച സാഹചര്യത്തിൽ, ജയിൽ മോചിതരാകുന്ന പത്തു പ്രതികളെയും അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തര മന്ത്രിയെയും നേരിട്ട് കാണുമെന്ന് ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും അതിൽ പങ്കാളികളായ ഉന്നതരെ നിയമത്തിന് മുന്നിൽ എത്തിക്കാനും കേസിൽ കൃത്യമായ തുടരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻപ് പ്രതികൾക്ക് പരോൾ അനുവദിച്ചപ്പോൾ ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് കർശന വിലക്കുണ്ടായിരുന്നെങ്കിൽ, ഇത്തവണത്തെ പരോൾ വ്യവസ്ഥയിൽ അത്തരം നിയന്ത്രണങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. പ്രതികൾ നാട്ടിലെത്തുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്കും സംഘർഷ സാധ്യതയ്ക്കും കാരണമാകുമെന്ന പോലീസ് റിപ്പോർട്ട് നിലനിൽക്കെയാണ്, അത് പൂർണ്ണമായി അവഗണിച്ചുകൊണ്ട് ജയിൽ ഉപദേശക സമിതി പ്രതികൾക്ക് അനുകൂലമായി ശുപാർശ നൽകിയത്. പ്രതികൾ നാട്ടിലെത്തിയ പശ്ചാത്തലത്തിൽ എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കല്യോട്ട് മേഖലയിൽ പോലീസ് സുരക്ഷ നിലവിൽ ശക്തമാക്കിയിട്ടുണ്ട്.



