തിരുവനന്തപുരം: കാസറഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച വിവാദ സംഭവം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പരോൾ അനുവദിച്ചതിലെ മുഴുവൻ വസ്തുതകളും പരിശോധിച്ച ശേഷം ലഭിക്കുന്ന ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
മുൻ പിണറായി വിജയൻ സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് പ്രതികൾക്ക് 20 ദിവസത്തെ പരോൾ അനുവദിച്ച് ഉത്തരവായത്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ബിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ ഇതിനകം ജയിലിൽ നിന്ന് പുറത്തിറങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള പ്രതികൾ വരും ദിവസങ്ങളിൽ പുറത്തിറങ്ങാനിരിക്കെയാണ് ആഭ്യന്തര മന്തിയുടെ അടിയന്തര ഇടപെടൽ. എന്നാൽ, ജയിൽ ചട്ടങ്ങളും മാനദണ്ഡങ്ങളും പൂർണ്ണമായി ലംഘിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ ആരോപിച്ചു. വെറും നാല് മാസത്തിനിടയിൽ പ്രതികൾക്ക് ലഭിക്കുന്ന മൂന്നാമത്തെ പരോളാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
2019 ഫെബ്രുവരി 17-നായിരുന്നു നാടിനെ നടുക്കിയ പെരിയ കല്യോട്ട് സംഭവം നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവർത്തകർ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ സുബീഷ്, സുരേന്ദ്രൻ ഉൾപ്പെടെയുള്ള 10 പ്രതികൾക്ക് എറണാകുളം സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസിൽ മറ്റ് 10 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി മുൻപ് വിട്ടയച്ചിരുന്നു.



