മോദി സർക്കാർ ഒരു വർഷത്തിനുള്ളിൽ വീഴുമെന്ന പ്രസ്താവന; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി

ന്യൂഡൽഹി: രാജ്യത്ത് അരാജകത്വവും ആഭ്യന്തര കലാപങ്ങളും സൃഷ്ടിച്ച് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ഭാരതീയ ജനതാ പാർട്ടി രംഗത്ത്. വർദ്ധിച്ചുവരുന്ന സാമ്പത്തിക അസംതൃപ്തി കാരണം ഒരു വർഷത്തിനുള്ളിൽ മോദി സർക്കാർ താഴെവീഴുമെന്ന് കോൺഗ്രസിന്റെ ആഭ്യന്തര യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയാണ് പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചത്. രാഹുലിന്റെ വാക്കുകൾ കേവലം രാഷ്ട്രീയ പ്രവചനമല്ലെന്നും, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ബി.ജെ.പി ആരോപിക്കുന്നു.

ബി.ജെ.പി ദേശീയ വക്താവും എം.പിയുമായ സംപിത് പത്ര രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രാഹുൽ ഗാന്ധിയുടെ നിലപാടുകൾക്ക് പിന്നിൽ വിദേശ ശക്തികളുടെ അജണ്ടയുണ്ടെന്നും, ആഗോള ശതകോടീശ്വരനായ ജോർജ്ജ് സോറോസിനെപ്പോലുള്ളവരുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും സംപിത് പത്ര ആരോപിച്ചു. രാജ്യത്ത് കലാപങ്ങൾ അഴിച്ചുവിട്ട് ഭരണം അട്ടിമറിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രമന്ത്രി പിയൂഷ് ഗോയലും രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ബി.ജെ.പിയെയോ നേരിട്ട് പരാജയപ്പെടുത്താൻ സാധിക്കാത്തതുകൊണ്ട്, രാഹുൽ ഗാന്ധിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ‘ടൂൾകിറ്റ് ഗ്യാങ്ങും’ അക്രമങ്ങളിലൂടെ ഭരണകൂടത്തെ താഴെയിറക്കാൻ ശ്രമിക്കുകയാണെന്ന് പിയൂഷ് ഗോയൽ ആരോപിച്ചു. കോൺഗ്രസിന്റെ ഇത്തരം നിലപാടുകൾ ഇന്ത്യയോടുള്ള അവരുടെ വിദ്വേഷത്തെയാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുന്നതാണെന്നും ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles