തിരുവനന്തപുരം: നവകേരള സദസ്സിനിടെ കരിങ്കൊടി കാണിച്ച കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസ് അട്ടിമറിക്കുന്നതിനായി യഥാർത്ഥ വിവരങ്ങൾ അടങ്ങിയ ആദ്യ കേസ് ഡയറി ഉന്നതതല ഇടപെടലിലൂടെ തിരുത്തിയതിന്റെ ആധികാരിക രേഖകൾ പുറത്തുവന്നു. പ്രതിഷേധക്കാരെ ലോക്കൽ പോലീസ് മാറ്റിനിർത്തിയ ശേഷമാണ് ഗൺമാൻ അടക്കമുള്ളവർ മർദ്ദിച്ചതെന്ന് വ്യക്തമാക്കുന്ന ആദ്യ കേസ് ഡയറി തിരുത്തിയാണ് പിന്നീട് കേസ് എഴുതിത്തള്ളിയതെന്നാണ് പുതിയ വിവരം. കൂടാതെ, ഈ ഒറിജിനൽ കേസ് ഡയറി പെൻഡ്രൈവിലാക്കി അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ ഓഫീസിലെത്തിച്ചിരുന്നുവെന്ന് ആദ്യ അന്വേഷണ സംഘം പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് വിശേഷിപ്പിച്ചതുപോലെയുള്ള ‘രക്ഷാപ്രവർത്തനമല്ല’ ആലപ്പുഴയിൽ നടന്നതെന്ന് അടിവരയിടുന്നതാണ് തിരുത്തുന്നതിന് മുൻപുള്ള ആദ്യ കേസ് ഡയറിയിലെ പരാമർശങ്ങൾ. ഗൺമാൻ അനിൽ കല്ലിയൂർ അടക്കമുള്ളവർ പ്രതിഷേധക്കാരെ എങ്ങനെയൊക്കെയാണ് മർദ്ദിച്ചതെന്ന് ഡയറിയിൽ അക്കമിട്ട് നിരത്തുന്നുണ്ട്. ലോക്കൽ പോലീസ് പ്രതിഷേധക്കാരെ വളഞ്ഞ് സുരക്ഷിതമായി മാറ്റി നിർത്തിയിരുന്നുവെന്നും, ഈ സമയത്താണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കറുത്ത കാറിൽ നിന്ന് വെള്ള ഷർട്ട് ധരിച്ച ഗൺമാനും കറുത്ത സ്യൂട്ട് ധരിച്ച മൂന്ന് പേരും ചാടിയിറങ്ങിയ തെന്നും ഡയറി വ്യക്തമാക്കുന്നു. കാറിൽ നിന്നിറങ്ങിയ ഇവർ ലാത്തി പോലുള്ള മാരകായുധം ഉപയോഗിച്ച് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി അടിക്കുകയായിരുന്നു. ഈ അക്രമത്തിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലോക്കൽ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും അക്രമത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തണമെന്നും കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കണമെന്നും ആദ്യ ഡയറിയിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.
ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന എസ്. അരുൺ ആണ് ഈ യഥാർത്ഥ കേസ് ഡയറി തയ്യാറാക്കിയത്. എന്നാൽ, പിന്നീട് ഈ ഡയറി പൂർണ്ണമായും തിരുത്തി ഗൺമാൻ അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി പുതിയ റിപ്പോർട്ട് നൽകുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥ കേസ് ഡയറി അടങ്ങിയ പെൻഡ്രൈവ് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ ഓഫീസിലേക്ക് കൈമാറിയെന്ന ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി പുറത്തുവന്നതോടെ, ഔദ്യോഗിക രേഖ തിരുത്തിയെന്ന ഗുരുതര കുറ്റകൃത്യത്തിന്റെ അന്വേഷണം എ.ഡി.ജി.പിക്ക് നേരെയാണ് നീളുന്നത്. തിരുത്തുന്നതിന് മുൻപുള്ള ഒറിജിനൽ ഡയറിയും പിന്നീട് മാറ്റിയെഴുതിയ ഡയറിയും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. നവകേരള സദസ്സിലെ മർദ്ദനവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് അന്വേഷണ സംഘം തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് നാളെ ഡി.ജി.പിക്ക് കൈമാറും. ഗൺമാൻ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ കുറ്റം തെളിയിക്കുന്ന ആദ്യ റിപ്പോർട്ടായിരിക്കും ഇത്. ഔദ്യോഗിക കേസ് ഡയറി തിരുത്തി ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡി.ജി.പിയും സംസ്ഥാന സർക്കാരും എന്ത് തുടർനടപടി സ്വീകരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. പ്രതിപക്ഷ സംഘടനകൾ ഇതിനകം തന്നെ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.



