കൊച്ചിയിലെ സിപിഎം പ്രതിഷേധ മാർച്ച്; പി രാജീവും എം സ്വരാജും ഉൾപ്പടെ പ്രമുഖർ പ്രതികൾ

കൊച്ചി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മാർച്ച് നടത്തിയ സി.പി.എം നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേനക ജംഗ്ഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ സെക്രട്ടറി എസ്. സതീഷ്, മുൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ, അഡ്വ. അരുൺ കുമാർ തുടങ്ങി ഇരുപതോളം നേതാക്കൾക്കും പ്രവർത്തകർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച് മേനക ജംഗ്ഷനിൽ സമാപിച്ച മാർച്ചിൽ പങ്കെടുത്തവർ നഗരത്തിൽ വലിയ ഗതാഗത തടസ്സം സൃഷ്ടിച്ചതായും നിയമവിരുദ്ധമായി സംഘം ചേർന്നതായും എഫ്.ഐ.ആറിൽ ആരോപിക്കുന്നു.

പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 173 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ ബി.എൻ.എസ് (BNS) വകുപ്പുകളും 2011-ലെ കേരള പബ്ലിക് വേയ്‌സ് ആക്ട് സെക്ഷൻ 6-ഉം പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. എറണാകുളം സെൻട്രൽ പോലീസ് സബ് ഇൻസ്പെക്ടർ രാംലാൽ എ.ആറിന്റെ പരാതിയിൽ ഗ്രേഡ് എസ്.ഐ രാജേഷ് കെ. ചെല്ലപ്പനാണ് കേസ് അന്വേഷിക്കുന്നത്. ഇ.ഡി റെയ്ഡിന് പിന്നാലെ പോലീസ് കേസ് കൂടി രജിസ്റ്റർ ചെയ്തതോടെ കൊച്ചിയിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ സംഘർഷഭരിതമായിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles