നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; മറുപടിയുമായി ബി.ജെ.പി

ന്യൂഡൽഹി: നീറ്റ്  ചോദ്യപ്പേപ്പർ ചോർച്ചാ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ സംഭവത്തിൽ പ്രധാനമന്ത്രി “നേരിട്ട് മേൽനോട്ടം വഹിച്ചു” എന്ന തരത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ചോദ്യപ്പേപ്പർ ചോർച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന് പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ വിമർശനം. പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും പ്രധാനമന്ത്രിയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ ആരോപണം അസംബന്ധവും യുക്തിരഹിതവുമാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളിൽ ഉത്തരവാദിത്തത്തേക്കാൾ സെൻസേഷണലിസത്തിനാണ് രാഹുൽ മുൻഗണന നൽകുന്നതെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ എക്സിലൂടെ കുറ്റപ്പെടുത്തി. അന്വേഷണ നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തെക്കുറിച്ച് കോടതിയിൽ പരാമർശിച്ചത്.

ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷ എൻ.ടി.എ റദ്ദാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീം കോടതി പരിഗണിച്ചു വരികയാണ്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയ സംഭവത്തിൽ ജൂൺ 21-ന് പുനഃപരീക്ഷ നടത്താനാണ് നിലവിലെ തീരുമാനം. നിലവിൽ സി.ബി.ഐ ഈ വിഷയം വിശദമായി അന്വേഷിച്ചുവരികയാണ്.

 

Related Articles

- Advertisement -spot_img

Latest Articles