ഹജ്ജ് 2026: 17 ലക്ഷത്തിലധികം തീർത്ഥാടകർ; കർമ്മങ്ങൾക്ക് വിജയകരമായ സമാപനം

റിയാദ്: ഈ വർഷത്തെ (1447 ഹിജ്റ / 2026) ഹജ്ജ് കർമ്മങ്ങൾ സുരക്ഷിതമായും സമാധാനപരമായും പൂർത്തീകരിച്ചതായി സഊദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹജ്ജ്, ഉംറ സ്ഥിരം സമിതി ഡെപ്യൂട്ടി ചെയർമാനും മക്ക മേഖല ഡെപ്യൂട്ടി ഗവർണറുമായ പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് ആണ് ഈ വിവരം അറിയിച്ചത്. കർശനമായ സുരക്ഷാ ക്രമീകരണങ്ങളും മികവാർന്ന സംഘാടനവും ഒത്തിണങ്ങിയ ഏകീകൃത സംവിധാനത്തിലൂടെയാണ് തീർത്ഥാടകർക്ക് തടസ്സങ്ങളില്ലാതെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കാൻ സാധിച്ചത്. ലക്ഷക്കണക്കിന് വിശ്വാസികളെ വ്യവസ്ഥാപിതമായി നിയന്ത്രിക്കാനും അവർക്ക് ആവശ്യമായ സുരക്ഷയും പരിചരണവും ഉറപ്പുവരുത്താനും വിവിധ സർക്കാർ ഏജൻസികളുടെ കൂട്ടായ ഏകോപനത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഊദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇത്തവണത്തെ ഹജ്ജിൽ ആകെ 1,707,301 തീർത്ഥാടകരാണ് പങ്കെടുത്തത്. ഇതിൽ 165 രാജ്യങ്ങളിൽ നിന്നുള്ള 1,546,655 വിദേശ തീർത്ഥാടകരും, സഊദി അറേബ്യയിൽ നിന്നുള്ള 160,646 പേരും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (1,673,230) തീർത്ഥാടകരുടെ എണ്ണത്തിൽ ഇത്തവണ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച മിനായിൽ തീർത്ഥാടകർ ഒത്തുകൂടിയതോടെ ആരംഭിച്ച ആറുദിവസം നീണ്ടുനിന്ന കർമ്മങ്ങൾ വിവിധ ഘട്ടങ്ങളിലായാണ് പൂർത്തിയായത്. അറഫാ സംഗമം, മുസ്ദലിഫയിലെ രാപ്പാർക്കൽ, മിനായിലെ കല്ലെറിയൽ ചടങ്ങ് എന്നിവയ്ക്ക് ശേഷം മക്കയിലെ വിടവാങ്ങൽ ത്വവാഫ് കൂടി പൂർത്തിയാക്കിയാണ് തീർത്ഥാടകർ മടക്കയാത്രയ്ക്ക് ഒരുങ്ങുന്നത്. തീർത്ഥാടകർക്കായി അത്യാധുനിക സൗകര്യങ്ങളും മികച്ച സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നതിൽ സഊദി ഭരണകൂടം വലിയ പങ്കാണ് വഹിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles