അൽ ഉലയുടെ ആകാശത്ത് വിസ്മയമൊരുക്കി ‘ജൂൺ ബൂട്ടിഡ്സ്’ ഉൽക്കാവർഷം; വിസ്മയക്കാഴ്ചയായി സൗദിയിലെ ആകാശം

അൽ ഉല: സൗദി അറേബ്യയിലെ വിനോദസഞ്ചാര-പൈതൃക കേന്ദ്രമായ അൽ ഉലയുടെ ആകാശത്ത് വിസ്മയം തീർത്ത് ‘ജൂൺ ബൂട്ടിഡ്സ്’ ഉൽക്കാവർഷം ദൃശ്യമായി. കഴിഞ്ഞ ദിവസം അതിന്റെ പരമാവധി തീവ്രതയിലെത്തിയ അപൂർവ്വ പ്രതിഭാസത്തിന്റെ ദൃശ്യങ്ങൾ സൗദി പ്രസ് ഏജൻസി ആണ് പുറത്തുവിട്ടത്.

വർഷം തോറും ജൂൺ 22 മുതൽ ജൂലൈ 2 വരെയുള്ള കാലയളവിലാണ് ‘ജൂൺ ബൂട്ടിഡ്സ്’ സജീവമാകുന്നത്. ശാസ്ത്രലോകത്തെ വലിയൊരു നിഗൂഢത കൂടിയാണ് ജൂൺ ബൂട്ടിഡ്സ് ഉൽക്കാവർഷം. സാധാരണ വർഷങ്ങളിൽ വളരെ ശാന്തമായി കടന്നുപോകുന്ന ഈ പ്രതിഭാസം, ചില പ്രത്യേക വർഷങ്ങളിൽ പ്രവചനാതീതമായി ആകാശത്ത് അതിശയിപ്പിക്കുന്ന വെടിക്കെട്ട് തീർക്കാറുണ്ട്. ‘7P/പോൺസ്-വിന്നെകെ’ എന്ന വാൽനക്ഷത്രം കടന്നുപോകുമ്പോൾ അവശേഷിപ്പിക്കുന്ന പൊടിപടലങ്ങളും അവശിഷ്ടങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് മനോഹരമായ ആകാശക്കാഴ്ച രൂപപ്പെടുന്നത്.

ആധുനിക നഗരങ്ങളിലെ കൃത്രിമ വെളിച്ചം മൂലമുണ്ടാകുന്ന പ്രകാശ മലിനീകരണം ഒട്ടുമില്ലാത്ത ഇടമാണ് അൽ ഉല. അവിടുത്തെ തെളിഞ്ഞ കറുത്ത ആകാശം ശാസ്ത്രജ്ഞർക്കും, നക്ഷത്ര നിരീക്ഷകർക്കും, അസ്ട്രോ ഫോട്ടോഗ്രാഫർമാർക്കും പ്രകൃതി ഒരുക്കിയ ഏറ്റവും മികച്ച നിരീക്ഷണ കേന്ദ്രമാണ്. ഇത്തവണ ഉൽക്കാവർഷത്തിന്റെ ഏറ്റവും ഉയർന്ന സമയത്ത് ആകാശത്ത് പൂർണ്ണചന്ദ്രന്റെ വെളിച്ചം ഉണ്ടായിരുന്നതിനാൽ ചെറിയ ഉൽക്കകൾ അല്പം മങ്ങിപ്പോയെങ്കിലും, പ്രകാശമേറിയ വലിയ ഉൽക്കകൾ നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ സാധിച്ചു.

ആകാശ നിരീക്ഷണ രംഗത്ത് ആഗോളതലത്തിൽ തന്നെ വലിയൊരു ചുവടുവെപ്പിനൊരുങ്ങുകയാണ് സൗദി അറേബ്യ. ഇതിനായി അൽ ഉലയിൽ ‘അൽ ഉല മനാര’ എന്ന പേരിൽ അത്യാധുനിക ബഹിരാകാശ നിരീക്ഷണ കേന്ദ്രം ഒരുങ്ങുകയാണ്. അത്യാധുനിക ടെലിസ്കോപ്പുകൾ, ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങൾ, ഒബ്സർവേറ്ററികൾ, സന്ദർശകർക്കായുള്ള സംവേദനാത്മക പ്രദർശനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സ്ഥാപിക്കും.

ബഹിരാകാശ ടൂറിസത്തിലും ഗവേഷണത്തിലും ലോക ശ്രദ്ധ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്കും വിദ്യാർത്ഥികൾക്കും ഒരു മികച്ച പഠനകേന്ദ്രമായി അൽ ഉല മാറും. സൗദി അറേബ്യയുടെ ഭാവി വികസന രേഖയായ ‘സൗദി വിഷൻ 2030’-ന്റെയും ‘അൽ ഉല വിഷന്റെയും’ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്.

Related Articles

- Advertisement -spot_img

Latest Articles