നജ്റാൻ: സൗദി അറേബ്യയിലെ ഷറൂറാ ഡൊമസ്റ്റിക് എയർപോർട്ടിൽ മെയിന്റനൻസ് വിഭാഗം ജീവനക്കാരനായ മലയാളി ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സഹറാനി കമ്പനിയിൽ മുപ്പതിലേറെ വർഷങ്ങളായി ദീർഘകാല സേവനം അനുഷ്ഠിച്ചു വരികയായിരുന്ന അക്രം അബ്ദുൽ ശുക്കൂർ ആണ് മരണപ്പെട്ടത്. ജോലിസ്ഥലത്ത് വെച്ച് പെട്ടെന്ന് കടുത്ത ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടൻ തന്നെ നജ്റാൻ കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും, അവിടെ വെച്ച് വീണ്ടും ഹൃദയാഘാതം അനുഭവപ്പെടുകയും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയുമായിരുന്നു. പരേതയായ സുഫിയാന ഭാര്യയും, നസ്‌റീൻ മകളുമാണ്.
മരണാനന്തരമുള്ള ഔദ്യോഗിക നിയമനടപടികൾ ഒ.ഐ.സി.സി നജ്‌റാൻ കമ്മിറ്റി പ്രസിഡന്റും ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ മെമ്പറുമായ എം.കെ. ശാക്കിർ കൊടശേരിയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. അദ്ദേഹത്തിന്റെ സമയബന്ധിതമായ ഇടപെടലുകൾ മൂലം മറ്റ് ഓദ്യോഗിക നടപടിക്രമങ്ങൾ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുകയും, മൃതദേഹം ഫൈസലിയ മഖ്ബറയിൽ ഖബറടക്കുകയും ചെയ്തു.അക്രമിന്റെ സുഹൃത്തുക്കളായ സോമരാജൻ പുഷ്കർ, ആന്റണി സൈന്ദ്യ, നിസാർ കോഴിക്കോട്, സലീം ഉപ്പള, റഷീദ് നെച്ചിക്കാട്ടിൽ തുടങ്ങിയവർ നിയമനടപടികൾക്കും സംസ്കാര ചടങ്ങുകൾക്കുമായി സജീവമായി രംഗത്തുണ്ടായിരുന്നു.



