തിരുവനന്തപുരം: പ്രതിപക്ഷ അംഗങ്ങളുടെ പൂർണ്ണമായ അഭാവത്തിൽ കേരള നിയമസഭ ധനബിൽ പാസാക്കി. സർക്കാർ ഔദ്യോഗികമായി അവതരിപ്പിച്ച ഭേദഗതികളോടെയാണ് ബില്ലിന് നിയമസഭയുടെ അംഗീകാരം ലഭിച്ചത്. ബില്ലിലെ വിവിധ വകുപ്പുകളിന്മേൽ വോട്ടെടുപ്പ് നടന്ന സമയത്ത് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഔദ്യോഗിക ഭേദഗതികൾ ഒന്നൊന്നായി സഭയിൽ അവതരിപ്പിക്കുകയും അവയെല്ലാം ശബ്ദവോട്ടോടെ അംഗീകരിക്കുകയുമായിരുന്നു. എന്നാൽ, ബജറ്റിലെ നികുതി നിർദേശങ്ങൾ ധനബില്ലിലൂടെ ഒളിച്ചുകടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി വി.ഡി. സതീശൻ ശക്തമായി തള്ളി. ഇത് ഫിനാൻസ് ബില്ലിലൂടെ ഒളിച്ചുകടത്തിയ വ്യവസ്ഥയല്ലെന്നും, ബജറ്റ് പ്രസംഗത്തിൽ തന്നെ വ്യക്തമായി പ്രഖ്യാപിച്ച നികുതി നിർദേശമാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് പ്രസംഗത്തിന്റെ സമാപനത്തിൽ ഇക്കാര്യം കൃത്യമായി പറഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി സഭയെ ഓർമ്മിപ്പിച്ചു.
ബജറ്റിലെ നികുതി നിർദേശങ്ങൾ ഒളിച്ചുകടത്തിയെന്ന് പറയുന്നത് അഞ്ചുവർഷം കേരളം ഭരിച്ച മുൻ മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും, ബജറ്റിൽ പ്രഖ്യാപിക്കുന്ന നികുതി നിർദേശങ്ങളും ഇളവുകളും ഫിനാൻസ് ബില്ലിലാണ് ഉൾപ്പെടുകയെന്ന കാര്യം പത്ത് വർഷം കേരളം ഭരിച്ച ആൾക്ക് അറിയാത്തതാണോ എന്നും അദ്ദേഹം വിമർശിച്ചു. തന്റെ ഈ വിശദീകരണം കേൾക്കാതിരിക്കാൻ വേണ്ടിയാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദ വിഷയവുമായി ബന്ധപ്പെട്ട ഫയൽ നടപടികൾ 2021 നവംബർ 16-ന് തന്നെ ആരംഭിച്ചതാണെന്നും, മുൻ സർക്കാരിന്റെ കാലത്തെ സെക്രട്ടറിയുടെ കുറിപ്പുകളാണ് ഇതിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി സഭയിൽ വെളിപ്പെടുത്തി. എ.പി. ഉദയഭാനു കമ്മീഷനും ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയും വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത പ്രോത്സാഹിപ്പിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. മദ്യാസക്തി കുറയ്ക്കാനും മദ്യവർജനം പ്രോത്സാഹിപ്പിക്കാനുമാണ് അന്നത്തെ സർക്കാർ ഇത്തരം നീക്കങ്ങൾ ആലോചിച്ചതെന്നും മുഖ്യമന്ത്രി രേഖകൾ സഹിതം വിശദീകരിച്ചു. മുൻ മന്ത്രി എം.വി. ഗോവിന്ദൻ ചട്ടഭേദഗതിയുടെ കരട് അംഗീകരിച്ചിരുന്നെന്നും അത് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് നൽകിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ സംസ്ഥാനത്ത് വ്‌ൽപ്പന നടത്തുന്ന വിദേശമദ്യത്തിന്റെ ആൽക്കഹോൾ അളവ് 42.86 ശതമാനമാണ്. ഇതിന് പകരം 20 ശതമാനം വരെ മാത്രം ആൽക്കഹോൾ അടങ്ങിയ വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയാൽ ഹാർഡ് ലിക്കറിന്റെ (Hard Liquor) ഉപയോഗം ഗണ്യമായി കുറയ്ക്കാനാകുമെന്ന് സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യനിരോധനം പ്രായോഗികമല്ലെന്ന തിരിച്ചറിവിലാണ് മദ്യവർജനം എന്ന ആശയത്തിലേക്ക് സർക്കാർ എത്തിയതെന്നും, ഇത് സംസ്ഥാനത്തെ ടൂറിസം, ഐ.ടി മേഖലകൾക്ക് വലിയ രീതിയിൽ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിയറിനും വൈനിനും ഇടയിലുള്ള മദ്യത്തിനായി ഒരു പുതിയ വിഭാഗം സൃഷ്ടിക്കുകയാണ് ചെയ്തത്. 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ ഉള്ള ഇത്തരം മദ്യത്തിന് 120 മുതൽ 175 ശതമാനം വരെയാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. ഇത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നികുതി നിരക്കാണെന്നും, ബിയറിനെയും വൈനിനെയും അപേക്ഷിച്ച് ഉയർന്ന നികുതിയാണ് ഈ വിഭാഗത്തിന് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹാർഡ് ലിക്കറിന്റെ ഉപയോഗം കുറച്ച് ആൽക്കഹോൾ അളവ് കുറഞ്ഞ മദ്യത്തിലേക്ക് മാറണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) പ്രധാന ശുപാർശയെന്നും, കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ സമാന രീതിയിൽ നികുതി പുനഃക്രമീകരണം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ കേരളത്തിൽ ഇത്തരം മദ്യം വിൽക്കണമോ എന്നത് യു.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി മാത്രം തീരുമാനിക്കപ്പെടുന്ന കാര്യമാണെന്നും, വീര്യം കുറഞ്ഞ മദ്യം വിൽക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചാൽ കേരളത്തിൽ അത് വിൽക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനാണ് (ബെവ്കോ) ഇതിന്റെ മൊത്തവ്യാപാര ഏജൻസി. സർക്കാർ വാങ്ങുന്നില്ലെങ്കിൽ ഇതിന്റെ വ്‌ൽപ്പനയും നടക്കില്ല. ബജറ്റിന്റെ ശോഭ കെടുത്താൻ വേണ്ടി ചിലർ ബോധപൂർവ്വം നടത്തുന്ന പ്രചാരണങ്ങൾ മാത്രമാണ് ഈ വിവാദമെന്നും, സർക്കാർ കൃത്യമായ വികസന പദ്ധതികളുമായാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



