ടെഹ്റാൻ/വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരേതനായ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനയിയുടെ ആറ് ദിവസം നീണ്ടുനിൽക്കുന്ന പൊതു വിലാപയാത്ര ചടങ്ങുകൾക്ക് തലസ്ഥാനമായ ടെഹ്റാനിൽ ഔദ്യോഗിക തുടക്കമായി. ചരിത്രത്തിലെ ഏറ്റവും വലിയ ഔദ്യോഗിക വിലാപയാത്രയ്ക്കാണ് ഇറാൻ സാക്ഷ്യം വഹിക്കുന്നത്. 15 മുതൽ 20 മില്യൺ (ഒന്നരക്കോടിയിലധികം) ജനങ്ങൾ ഈ അനുസ്മരണ ചടങ്ങുകളിൽ പങ്കാളികളാകുമെന്നാണ് ഇറാൻ അധികൃതർ പ്രതീക്ഷിക്കുന്നത്. ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ മൈതാനത്ത് ഖമേനിയുടെയും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെയും ഭൗതികശരീരങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ വിതുമ്പിക്കരഞ്ഞും നെഞ്ചത്തടിച്ചും ജനങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ‘അമേരിക്കയ്ക്ക് നാശം’, ‘പ്രതികാരം, പ്രതികാരം’ എന്നീ മുദ്രാവാക്യങ്ങളുയർത്തി കനത്ത സുരക്ഷയിലാണ് ജനങ്ങൾ വിലാപയാത്രയിൽ അണിനിരക്കുന്നത്. ഹമാസ്, ഹിസ്ബുള്ള പ്രതിനിധികളും 70-ലധികം വിദേശ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും ഇതിനകം ചടങ്ങുകളിൽ പങ്കെടുത്തു കഴിഞ്ഞു.
അതേസമയം, അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മൗണ്ട് റഷ്മോറിൽ സംസാരിക്കവെ, ഖാംനയിയുടെ വിലാപയാത്ര ചടങ്ങുകൾ പ്രമാണിച്ച് ഇറാനുമായുള്ള ചർച്ചകൾക്ക് താൽക്കാലികമായി ഒരു വാരത്തെ അവധി നൽകിയിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിലാപയാത്ര നടക്കുന്ന ഈ ദിവസങ്ങളിൽ ഇരുവിഭാഗവും പരസ്പരം ആക്രമണങ്ങൾ നടത്തില്ലെന്നും ചടങ്ങുകൾക്ക് ശേഷം ദോഹയിൽ വെച്ച് സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക ഇറാന് മേൽ ശക്തമായ പ്രഹരമാണ് ഏൽപ്പിച്ചതെന്നും അവർ ഇപ്പോൾ സമാധാന ചർച്ചകൾക്കായി അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വിലാപയാത്രയുടെ ദിവസങ്ങളിൽ യാതൊരുവിധ സൈനിക നീക്കങ്ങളും ഉണ്ടാകില്ലെന്ന് അമേരിക്ക ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും, ഇറാന്റെ ജലാതിർത്തികളിലും തന്ത്രപ്രധാന മേഖലകളിലും കനത്ത ജാഗ്രത തുടരുകയാണ്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഉൾപ്പെടെയുള്ള ലോകനേതാക്കൾ നിലവിലെ താൽക്കാലിക വെടിനിർത്തൽ ധാരണകളെ സ്വാഗതം ചെയ്യുകയും പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 9 വരെ നീളുന്ന ചടങ്ങുകൾക്ക് ശേഷം ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ ഖത്തറിൽ പുനരാരംഭിക്കും.



