ഹുർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർക്ക് വിലക്ക്; കപ്പൽ ഉടമകൾക്ക് കർശന നിർദേശവുമായി ഡി.ജി.എം.എ

ന്യൂഡൽഹി: ഇറാൻ-അമേരിക്ക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ അന്താരാഷ്ട്ര സമുദ്രവ്യാപാര പാതയായ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ പുതുതായി നിയമിക്കരുതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിറ്റൈം അഡ്മിനിസ്ട്രേഷൻ (DGMA) ഉത്തരവിട്ടു. കപ്പൽ ഉടമകൾ, കപ്പൽ മാനേജ്മെന്റ് കമ്പനികൾ, റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്‌മെന്റ് സർവീസ് ലൈസൻസ് കമ്പനികൾ എന്നിവർക്കാണ് ഡി.ജി.എം.എ ഈ കർശന നിർദേശം നൽകിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ താൽക്കാലിക നിയന്ത്രണം തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഗൾഫ് മേഖലയിലെ സുരക്ഷാ ഭീഷണി വർധിച്ചതും വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ പെരുകിയതുമാണ് ഇത്തരമൊരു മുൻകരുതൽ നടപടിക്ക് കാരണം. ഇന്ത്യൻ നാവികരുടെ ജീവന് പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ അടിയന്തര തീരുമാനമെന്ന് ഡി.ജി.എം.എ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ വ്യക്തമാക്കി. മേഖലയിൽ വൻതോതിൽ യുദ്ധസമാനമായ സംഘർഷം തുടരുന്നതിനാൽ ഇന്ത്യൻ ജീവനക്കാരെ യാതൊരു കാരണവശാലും അപകടസാധ്യതയിലേക്ക് തള്ളിവിടാനാകില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അടുത്തിടെ നിരവധി വാണിജ്യ കപ്പലുകളാണ് ഹുർമുസ് കടലിടുക്കിൽ വെച്ച് ആക്രമിക്കപ്പെട്ടത്. ഇതോടെ ഈ കടലിടുക്കിലൂടെയും സമീപ സമുദ്രപ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെയുള്ള ഭീഷണി വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. ഇറാന്റെ പ്രധാന സമുദ്ര ഗതാഗത മാർഗങ്ങൾ യു.എസ് നാവിക ഉപരോധത്തിലൂടെ തടയുന്നതിന് മറുപടിയായി, ഹുർമുസിൽ അനുമതിയില്ലാതെ സഞ്ചരിക്കുന്ന കപ്പലുകൾ ആക്രമിച്ച് കീഴടക്കുകയെന്ന കടുത്ത നിലപാടിലാണ് ഇറാൻ മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിൽ പേർഷ്യൻ ഗൾഫ്, ഹുർമുസ് കടലിടുക്ക്, സമീപ സമുദ്രപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന കപ്പലുകളുടെ ക്യാപ്റ്റൻമാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഡി.ജി.എം.എ നിർദേശിച്ചു. നാവിഗേഷൻ സുരക്ഷാ മുന്നറിയിപ്പുകൾ നിരന്തരം പരിശോധിക്കാനും അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കാനും നിർദേശത്തിൽ പറയുന്നു. കടലിൽ വെച്ച് എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടേണ്ടി വന്നാൽ നാവികരും കപ്പലുകളും ഉടൻ തന്നെ തങ്ങളുടെ കമ്മ്യൂണിക്കേഷൻ സെന്ററുമായോ അല്ലെങ്കിൽ ഇന്ത്യൻ നാവികസേനയുടെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്ററുമായോ (IFC-IOR) ബന്ധപ്പെടേണ്ടതാണ്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന വ്യാപാരപാതകളിലൊന്നായ ഹുർമുസ് കടലിടുക്കിൽ സുരക്ഷാ ഭീഷണി വർധിച്ചതോടെ, ഇത് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തെയും എണ്ണക്കപ്പൽ സർവീസുകളെയും വരുംദിവസങ്ങളിൽ കാര്യമായി ബാധിക്കുമെന്ന ആഗോള ആശങ്ക ഉയർന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഹുർമുസ് കടലിടുക്കിൽ വെച്ചുണ്ടായ ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര സർക്കാർ രാജ്യത്തെ നാവികരുടെ സുരക്ഷ മുൻനിർത്തി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles