പ്ലാനിങ് ബോർഡ് പരീക്ഷാ ക്രമക്കേട്: രേഖകൾ വിവരാവകാശ പ്രകാരം നൽകാനാവില്ലെന്ന് പി.എസ്.സി; കോടതിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന പ്ലാനിങ് ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകാൻ കഴിയില്ലെന്ന കടുത്ത നിലപാടുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി). ഈ കേസിൽ രേഖകൾ ഉദ്യോഗാർത്ഥിക്ക് കൈമാറാൻ നിർദേശിച്ച സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെ നിയമപരമായി ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് പി.എസ്.സിയുടെ പുതിയ തീരുമാനം. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ രേഖകൾ ഹാജരാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നത്. പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയിട്ടും അർഹമായ നിയമനം ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥിയായ ശ്യാം കൃഷ്ണൻ നൽകിയ പരാതിയിലാണ് വിവരാവകാശ കമ്മീഷൻ ഇടപെട്ടിരുന്നത്. എന്നാൽ ഈ ഉത്തരവ് നടപ്പാക്കില്ലെന്ന നിലപാടിലാണ് ഇപ്പോൾ പി.എസ്.സി അധികൃതർ.

സംസ്ഥാന പ്ലാനിങ് ബോർഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് പി.എസ്.സിയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ഗുരുതരമായ ക്രമക്കേട് ആരോപണം ഉയർന്നത്. പരീക്ഷയിൽ മൂന്നും അഞ്ചും റാങ്കുകൾ നേടിയ ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ മാർക്കിൽ സംശയം തോന്നിയതിനെ തുടർന്ന് വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസുകളുടെ പകർപ്പ് വാങ്ങിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 100 മാർക്കുള്ള പരീക്ഷയിൽ 58 മാർക്കിനുള്ള 10 വിവരണാത്മക (Descriptive) ചോദ്യങ്ങൾ ഒട്ടും മൂല്യനിർണ്ണയം നടത്താതെയാണ് പി.എസ്.സി റാങ്ക് പട്ടിക തയ്യാറാക്കിയതെന്നാണ് ഉദ്യോഗാർത്ഥികളുടെ കണ്ടെത്തൽ. എന്നാൽ, ഒൺസ്‌ക്രീൻ മാർക്കിങ് സംവിധാനത്തിൽ ഉണ്ടായ അപ്രതീക്ഷിത സാങ്കേതിക തകരാർ മൂലമാണ് ഈ ചോദ്യങ്ങൾ മൂല്യനിർണ്ണയത്തിന് പോകാതിരുന്നതെന്നാണ് പി.എസ്.സി നൽകുന്ന ഔദ്യോഗിക വിശദീകരണം.

പരീക്ഷയെഴുതിയ ആകെ 228 ഉദ്യോഗാർത്ഥികളുടെയും 58 മാർക്കിന്റെ ചോദ്യങ്ങൾ ഇത്തരത്തിൽ മൂല്യനിർണ്ണയം ചെയ്യപ്പെട്ടിരുന്നില്ലെന്ന് പി.എസ്.സിയും ഇപ്പോൾ സമ്മതിക്കുന്നുണ്ട്. പരീക്ഷയുടെ പകുതിയിലധികം മാർക്ക് പൂർണ്ണമായി ഒഴിവാക്കി, ബാക്കി മാർക്ക് മാത്രം പരിഗണിച്ചാണ് വിവാദ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വ്യക്തിക്ക് ഇതിനകം തന്നെ തസ്തികയിൽ നിയമനം നൽകുകയും ചെയ്തു. ഇതാണ് ഉദ്യോഗാർത്ഥികളുടെ വലിയ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും കാരണമായത്. ഈ ഗുരുതര സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ ഇതിനകം പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചും പരീക്ഷയുമായി ബന്ധപ്പെട്ട ഈ നിർണ്ണായക രേഖകൾ ലഭ്യമാക്കാൻ പി.എസ്.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് സാധാരണക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കേണ്ട വിവരാവകാശ ഉത്തരവിനെതിരെ പി.എസ്.സി നിയമനടപടികളിലേക്ക് നീങ്ങുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles