കാസറഗോഡ്: കാസറഗോഡ് നെല്ലിക്കുന്ന് ബീച്ചിൽ തലയും കൈപ്പത്തികളും ഇല്ലാത്ത നിലയിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. കടലിലൂടെ ഒഴുകി തീരത്തടിഞ്ഞ ഈ ശരീരം, മുൻപ് എവിടെയോ വെച്ച് ഔദ്യോഗികമായി പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ മൃതദേഹത്തിന്റെ നെഞ്ചിലും വയറിലും കണ്ട അസാധാരണമായ തുന്നലുകളും കീറലുകളും വിശദമായ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ്, ഇത് മുൻപ് നടന്ന ശസ്ത്രക്രിയയുടെയോ അതല്ലെങ്കിൽ പോസ്റ്റ്‌മോർട്ടം നടപടികളുടെയോ ഭാഗമായി ഉണ്ടായതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. നെല്ലിക്കുന്ന് തീരത്ത് പൂർണ്ണമായും അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിലാണ് പെട്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ കോസ്റ്റൽ പൊലീസിനെയും കാസർകോട് ടൗൺ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
പൂർണ്ണമായും ജീർണ്ണിച്ച അവസ്ഥയിലുള്ള ഈ മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ടെന്നാണ് ഫോറൻസിക് സർജന്മാർ വിലയിരുത്തുന്നത്. ശരീരത്തിന്റെ തലയും രണ്ട് കൈപ്പത്തികളും പൂർണ്ണമായി വേർപെട്ട നിലയിലാണ് കണ്ടെത്താനായത്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മംഗളൂരു ഉൾപ്പെടെയുള്ള കർണാടകയിലെയും കേരളത്തിലെയും മറ്റ് തീരദേശ പൊലീസ് സ്റ്റേഷനുകളിൽ സമീപകാലത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മാൻമിസ്സിങ് (ആളുകളെ കാണാതാകൽ) കേസുകളുടെ ഫയലുകൾ കാസർകോട് പൊലീസ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്. മരിച്ചയാളെ എത്രയും വേഗം തിരിച്ചറിയുന്നതിനായി മൃതദേഹത്തിൽ നിന്നും അവശിഷ്ട സാമ്പിളുകൾ ശേഖരിച്ച് ഡി.എൻ.എ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം. വരും ദിവസങ്ങളിൽ ലഭിക്കുന്ന ഡി.എൻ.എ ഫലങ്ങൾ നിലവിൽ കാണാതായ ആളുകളുടെ വിവരങ്ങളുമായി ഒത്തുനോക്കി അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുമെന്ന് കാസർകോട് ടൗൺ പൊലീസ് വ്യക്തമാക്കി.



