അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമാണശാലയിലുണ്ടായ അതിശക്തമായ തീപിടിത്തത്തിലും സ്ഫോടനത്തിലും എട്ടുപേർ കൊല്ലപ്പെട്ടു. പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. അഹമ്മദാബാദ് നഗരത്തിന് പുറത്തുള്ള വസ്ത്രാലിന് സമീപം ഗത്രാഡ് റോഡിൽ പ്രവർത്തിച്ചിരുന്ന നിർമാണ കേന്ദ്രത്തിലാണ് ഇന്ന് ഉച്ച തിരിഞ്ഞ് ദാരുണമായ ദുരന്തമുണ്ടായത്. സ്ഫോടനത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കൽ സംഘം നൽകുന്ന സൂചന.
ഇന്നലെ ഉച്ചയ്ക്ക് 3.24 ഓടെയാണ് പ്രദേശത്തെയാകെ നടുക്കിയ വൻ സ്ഫോടന ശബ്ദമുണ്ടായത്. ദുരന്തത്തിന് തൊട്ടുപിന്നാലെ 3.45 ഓടെ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ക്വിക്ക് റിയാക്ഷൻ ടീം നിരവധി ആംബുലൻസുകളും ഫയർ ടെൻഡറുകളുമായി സംഭവസ്ഥലത്തെത്തി അതിവേഗ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതം വളരെ വലുതായിരുന്നുവെന്ന് ആർ.എ.എഫ് കമാൻഡന്റ് ഓഫിസർ റിതുൽ ദാഹ് വ്യക്തമാക്കി. സ്ഫോടനത്തിന്റെ ശക്തിയിൽ മൃതദേഹങ്ങളും പരിക്കേറ്റവരും ഫാക്ടറിക്ക് ചുറ്റുമുള്ള കൃഷിപാടങ്ങളിലേക്ക് 50 മീറ്ററോളം ദൂരത്തിലാണ് തെറിച്ചുവീണതെന്ന് അദ്ദേഹം ദുരന്തഭൂമിയിലെ അവസ്ഥ വിവരിച്ചു.



