ന്യൂഡൽഹി: കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് നീതി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരിക്കേറ്റ യുവാവിനും കുടുംബത്തിനുമൊപ്പം രാഹുൽ ഗാന്ധി സ്റ്റേഷനിലെത്തിയത്. കേസെടുക്കാൻ പോലീസ് വിസമ്മതിച്ചതോടെയാണ് നേതാക്കൾ പോലീസ് സ്റ്റേഷന് മുന്നിൽ സമരം ആരംഭിച്ചത്. കൂടുതൽ കോൺഗ്രസ് നേതാക്കൾ സമരത്തിൽ പങ്കുചേരാൻ എത്തിയതിനെ തുടർന്ന് സ്റ്റേഷന്റെ ഗേറ്റ് പൂർണ്ണമായും അടച്ചുപൂട്ടി.
പോലീസുകാരല്ലാതെ ആരെങ്കിലും പെല്ലറ്റ് ഗൺ പ്രയോഗിച്ചിട്ടുണ്ടോയെന്നും, ഇരയുടെ പരാതിയിൽ കേസെടുക്കരുതെന്ന് തങ്ങൾക്ക് ഉത്തരവുണ്ടെന്നാണ് പോലീസ് പറയുന്നതെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. യുവാവിന്റെ കണ്ണിൽ ഇപ്പോഴും മൂന്ന് പെല്ലറ്റുകളും ശരീരത്തിൽ ഇരുനൂറോളം പെല്ലറ്റുകളും ബാക്കിയുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചികിത്സയിൽ കഴിഞ്ഞ പരിക്കേറ്റ യുവാവിന്റെ ശരീരത്തിൽ നിന്ന് പുറത്തെടുത്ത ലോഹ പെല്ലറ്റുകളും മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. നേരത്തെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി ഡി.സി.പിയുമായി ചർച്ച നടത്തിയത്. എഫ്.ഐ.ആർ ഇടുന്നത് വരെ സ്റ്റേഷനിൽ തുടരുമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.
സഫ്ദർജങ് ആശുപത്രി, റാം മനോഹർ ലോഹ്യ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിഞ്ഞ യുവാവിന്റെ മെഡിക്കൽ രേഖകളിൽ ശരീരത്തിൽ പെല്ലറ്റ് കഷണങ്ങൾ കുടുങ്ങിയിരുന്നതായി വ്യക്തമാക്കുന്നുണ്ട്. പ്രതിഷേധത്തിനിടെ സുരക്ഷാസേന അമിതബലം പ്രയോഗിച്ചെന്നും പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്നുമുള്ള റിപ്പോർട്ടുകളും രേഖകളും പുറത്തുവന്നിട്ടുണ്ടെങ്കിലും ഡൽഹി പോലീസ് ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ് ചെയ്തത്.



