രാഹുൽ ഗാന്ധിയുടെ അഞ്ചുമണിക്കൂർ പ്രതിഷേധത്തിന് ഫലം: പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ശക്തമായ കുത്തിയിരിപ്പ് സമരത്തിന് മുന്നിൽ മുട്ടുമടക്കി ഡൽഹി പോലീസ്. ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ആക്രമണത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി സാഹിൽ ലോചവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രാഥമിക വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പരിക്കേറ്റ വിദ്യാർത്ഥിയും മാതാവും നടത്തിയ കുത്തിയിരിപ്പ് സമരം അഞ്ച് മണിക്കൂർ പിന്നിട്ട ശേഷമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.

വൈദ്യപരിശോധനാ റിപ്പോർട്ടും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് നടപടി. മുൻപ് ഡൽഹി പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്നാണ് വിദ്യാർത്ഥിക്കൊപ്പം രാഹുൽ ഗാന്ധി നേരിട്ട് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്. സംഭവത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സാഹിലിനും വിദ്യാർത്ഥികൾക്കും നീതി ലഭിക്കുന്നത് വരെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു കോൺഗ്രസ്.

അതേസമയം, രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി രൂക്ഷമായി വിമർശിച്ചു. വന്ദേമാതര വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ് ആരോപിച്ചു. സുപ്രീം കോടതി വിഷയം അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുള്ള സാഹചര്യത്തിൽ പോലീസ് സ്റ്റേഷന് മുന്നിലെ കുത്തിയിരിപ്പ് സമരം മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള രാഷ്ട്രീയ നിരാശയുടെ ഭാഗമാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നദ്ദയും കുറ്റപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles