വാഷിങ്ടൺ: ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫലസ്തീൻ അവകാശ പ്രസ്ഥാനമായ ‘ഫലസ്തീൻ ആക്ഷൻ’ (Palestine Action) നെ യു.എസ് ട്രഷറി വകുപ്പ് ഭീകര പട്ടികയിൽ ഉൾപ്പെടുത്തി ഉപരോധം പ്രഖ്യാപിച്ചു. ‘പ്രത്യേകമായി പ്രഖ്യാപിച്ച ആഗോള ഭീകരവാദികൾ’ എന്ന വിഭാഗത്തിലാണ് യു.എസ് പ്രസ്ഥാനത്തെ ഉൾപ്പെടുത്തിയത്. ഇസ്രായേൽ വിമർശകർക്കും ഫലസ്തീൻ അനുകൂല സംഘടനകൾക്കുമെതിരെയുള്ള നടപടികൾ ഡൊണാൾഡ് ട്രംപ് ഭരണകൂടം ആഗോളതലത്തിൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഫലസ്തീൻ അനുകൂല അന്താരാഷ്ട്ര പ്രസ്ഥാനമായ ‘മസാർ ബാദിൽ’, ഇടതുപക്ഷ സംഘടനകൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇറ്റലി ആസ്ഥാനമായ ‘ഓട്ടിസ്റ്റിസി ഇൻവെന്റാറ്റി’ എന്നിവയ്‌ക്കെതിരെയും യു.എസ് ഉപരോധവും സാമ്പത്തിക പിഴയും ചുമത്തിയിട്ടുണ്ട്.
തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും അവരെ സഹായിക്കുന്ന സംഘടനകളുടെയും സാമ്പത്തിക ഉറവിടങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. അതേസമയം, യു.എസ് നടപടിയെ കപടതയെന്ന് വിശേഷിപ്പിച്ച ഫലസ്തീൻ ആക്ഷൻ സഹ സ്ഥാപിത ഹുദ അമ്മോറി, അമേരിക്കൻ തീരുമാനത്തെ രൂക്ഷമായി അപലപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണിതെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിനിടെ, 2025 ജൂലൈയിൽ ഫലസ്തീൻ ആക്ഷനെ നിരോധിച്ച ബ്രിട്ടിഷ് സർക്കാരിന്റെ നടപടി പിൻവലിക്കണമെന്നും ഇസ്രായേലുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരുന്നൂറിലധികം അക്കാദമിക് വിദഗ്ധരും അഭിഭാഷകരും യു.കെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട്.



