ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കുന്നതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വിഷയത്തിൽ അടിയന്തരമായി സർവ്വകക്ഷി യോഗം വിളിച്ചുചേർക്കണമെന്നും, രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാന സർക്കാരുകൾക്കും ബിൽ വിശദമായി പഠിക്കാൻ ആവശ്യമായ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ടെലിവിഷൻ അഭിമുഖത്തിൽ സൂചിപ്പിച്ചതിന് പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം.
ജൂലൈ 16-ന് ഇതേ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്ന കാര്യം ഓർമ്മിപ്പിച്ച അദ്ദേഹം, ഇത്തരമൊരു സുപ്രധാന വിഷയം മുൻപ് ശ്രമിച്ചതുപോലെ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. മണ്ഡല പുനർനിർണയ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു:ലോക്സഭയുടെ നിലവിലുള്ള അംഗബലം 543 ആയി അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ നിലനിർത്തുക. സംസ്ഥാനങ്ങൾക്കായുള്ള സീറ്റ് വിഹിതവും അടുത്ത 25 വർഷത്തേക്ക് ഇതുപോലെതന്നെ തുടരുക. 2029 ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പിലാക്കുക.
മൺസൂൺ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാത്തതും (Prorogue ചെയ്യാത്തതും) അനിശ്ചിതത്വങ്ങൾ തുടരുന്നതും സർക്കാരിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. രാജ്യത്തിന് ഏറെ നിർണായകമായ വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസ്ഥാനങ്ങളുമായും കൂടിയാലോചനകൾ നടത്തിയ ശേഷം മാത്രമേ മുന്നോട്ട് പോകാവൂ എന്ന് ഖാർഗെ പ്രധാനമന്ത്രിയോട് ആവർത്തിച്ചു



