വാഷിങ്ടൺ: ന്യൂയോർക്കിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കണമെന്നും അദ്ദേഹത്തിന്റെ വിസ റദ്ദാക്കി അമേരിക്കയിൽ പ്രവേശിക്കുന്നത് തടയണമെന്നും യു.എസ് സർക്കാരിനോട് ആവശ്യപ്പെട്ട് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മീഷൻ (യു.എസ്.സി.ഐ.ആർ.എഫ്). മോഹൻ ഭാഗവതിന്റെ യു.എസ് സന്ദർശനത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ കമ്മീഷൻ, മതന്യൂനപക്ഷങ്ങളുടെ അവകാശലംഘനങ്ങളിൽ പങ്കാളികളായ ആർ.എസ്.എസിനെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ യു.എസ് സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഇന്ത്യയിൽ ക്രിസ്ത്യാനികൾ, ദളിതർ, മുസ്ലിങ്ങൾ, സിഖുകാർ തുടങ്ങിയ മതന്യൂനപക്ഷങ്ങൾക്കെതിരെ ആർ.എസ്.എസിന്റെയും ഉപസംഘടനകളുടെയും നേതൃത്വത്തിൽ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്ന് യു.എസ്.സി.ഐ.ആർ.എഫ് ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ആർ.എസ്.എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ചേർന്നുനിൽക്കുന്ന നയങ്ങളാണ് നടപ്പിലാക്കുന്നത്. മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, സി.എ.എ, എൽ.ആർ.സി, എഫ്.സി.ആർ.എ ഭേദഗതികൾ തുടങ്ങിയവയിലൂടെ മതന്യൂനപക്ഷ സമൂഹങ്ങളെയും സിവില് സമൂഹ സംഘടനകളെയും ലക്ഷ്യം വെക്കുന്നതായും, അക്രമങ്ങൾ തടയുന്നതിൽ അധികാരികൾ പരാജയപ്പെടുന്നതായും കമ്മീഷൻ വിമർശിച്ചു.
ഓഗസ്റ്റ് 29-ന് ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടക്കുന്ന ‘യൂണിവേഴ്സൽ വൺനസ് സെലിബ്രേഷൻ’ എന്ന പരിപാടിയിലാണ് മോഹൻ ഭാഗവത് പങ്കെടുക്കുന്നത്. മോഹൻ ഭാഗവതിന്റെ ഈ സന്ദർശനവും പരിപാടിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ‘ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’, ‘ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ’, ‘സിഖ് കോയലിഷൻ’ തുടങ്ങി 48-ഓളം പ്രമുഖ മനുഷ്യാവകാശ-സാമൂഹിക സംഘടനകൾ ന്യൂയോർക്ക് സിറ്റി ഹാളിൽ പൊതുയോഗം സംഘടിപ്പിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.



