അയോഗ്യതാ ഹരജിയിൽ ഏഴുദിവസത്തിനകം മറുപടി നൽകണം; ടി.എം.സി വിമത എം.പിമാർക്ക് ലോക്‌സഭാ സ്പീക്കറുടെ നോട്ടീസ്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) നിന്ന് കൂറുമാറി നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻ‌.സി‌.പി‌.ഐ) എന്ന പുതിയ പാർട്ടി രൂപീകരിച്ച് അതിൽ ചേർന്ന 20 ലോക്‌സഭാ എം.പിമാർക്ക് സ്പീക്കർ ഓം ബിർളയുടെ നോട്ടീസ്. ടി.എം.സി നൽകിയ അയോഗ്യതാ ഹരജിയിൽ ഏഴുദിവസത്തിനുള്ളിൽ വ്യക്തമായ മറുപടി നൽകണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വിമത എം.പിമാരോട് ആവശ്യപ്പെട്ടു. വിമതർക്ക് സ്പീക്കർ നോട്ടീസ് നൽകിയ വിവരം സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ച അതേ ദിവസമാണ് സെക്രട്ടേറിയറ്റിൽ നിന്ന് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്.

ടി.എം.സി ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടി ലോക്‌സഭ നേതാവുമായ അഭിഷേക് ബാനർജി സമർപ്പിച്ച ഹരജിയിൽ രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് സ്പീക്കറുടെ നടപടി. യൂസഫ് പത്താൻ, കകോലി ഘോഷ് ദസ്തിദാർ, സുദീപ് ബന്ദ്യോപാധ്യായ, ശതാബ്ദി റോയ്, പ്രസൂൺ ബാനർജി, രചന ബാനർജി, പാർഥ ഭൗമിക്, ജൂൺ മാലിയ തുടങ്ങി 20 അംഗങ്ങൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പാർട്ടി ടിക്കറ്റിലും ചിഹ്നത്തിലും വിജയിച്ച ശേഷം മറ്റൊരു പാർട്ടിയിൽ ചേരുന്നത് ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം കൂറുമാറ്റമാണെന്നും ഇവരെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യരാക്കണമെന്നും അഭിഷേക് ബാനർജി ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles