തൊടുപുഴ: പണി പൂർത്തിയാക്കിയ മലയോര ഹൈവേയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കിഫ്ബി നടത്തിയ കൂട്ടയോട്ടത്തിന്റെ സാമ്പത്തിക കണക്കുകളിൽ വൻ വൈരുധ്യം. പരിപാടിയിൽ പങ്കെടുത്ത ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ പ്രതിഫലമൊന്നും വാങ്ങിയില്ലെന്ന് കിഫ്ബി അവകാശപ്പെടുമ്പോൾ, ഇയാൾക്ക് 15.34 ലക്ഷം രൂപ നൽകിയെന്നാണ് ഉപകരാർ ഏറ്റെടുത്ത ഐ.ടി പ്രഫഷനൽസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. വിവരവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഈ സാമ്പത്തിക വൈരുധ്യങ്ങൾ പുറത്തുവന്നത്.
കഴിഞ്ഞ മാസം പുറത്തുവന്ന ഔദ്യോഗിക വിവരങ്ങൾ പ്രകാരം പരിപാടിയുടെ ആകെ ചെലവ് 91.35 ലക്ഷം രൂപയാണ്. മിലിന്ദ് സോമന് നൽകിയ തുകയ്ക്ക് പുറമെ ഇവന്റ് പ്ലാനിങ്ങിനായി 15 ലക്ഷം രൂപയും ടി-ഷർട്ട്, തൊപ്പി, ബാഗ് എന്നിവയ്ക്കായി 4.5 ലക്ഷം രൂപയും ചെലവായതായി ബില്ലിൽ കാണിക്കുന്നു. കൂടാതെ സോഷ്യൽ മീഡിയ പ്രചാരണത്തിന് 11 ലക്ഷം രൂപ, വിമാന ടിക്കറ്റിനായി ഒരു ലക്ഷം രൂപ, ബൈക്ക് റൈഡേഴ്സിനായി 2.50 ലക്ഷം രൂപ എന്നിങ്ങനെയും തുക വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി 2026 ഫെബ്രുവരി 22-നായിരുന്നു കുട്ടിക്കാനം മുതൽ കട്ടപ്പന വരെ കിഫ്ബിയുടെ നേതൃത്വത്തിൽ ഈ കൂട്ടയോട്ടം സംഘടിപ്പിച്ചത്.



