കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിദ്യാർഥി സംഘടനയുടെ (ടി.എം.സി.പി) സ്ഥാപക ദിനാഘോഷ റാലിക്കിടെ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവുകൾ ലംഘിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. ഹസ്റ്റിങ്സ് പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച കത്തീഡ്രൽ റോഡിൽ നടന്ന പരിപാടിയിൽ റോഡിന്റെ ഒരു വശം ഒഴിച്ചിടണമെന്ന ഹൈക്കോടതിയുടെ കർശന നിർദേശം ലംഘിച്ച് ഇരുവശങ്ങളും തടസ്സപ്പെടുത്തിയെന്നും കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞും പരിപാടി നീണ്ടുപോയെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. മമതയ്ക്ക് പുറമെ മറ്റ് സംഘാടകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം പോലീസിന്റെയും ബി.ജെ.പി സർക്കാരിന്റെയും നീക്കങ്ങൾക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി മമതാ ബാനർജി രംഗത്തെത്തി. തന്റെ ഭരണകാലത്ത് ജനപക്ഷത്ത് നിന്ന പോലീസിനെ ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം ക്രൂരമായ സംവിധാനമാക്കി മാറ്റിയെന്ന് അവർ കുറ്റപ്പെടുത്തി. ജനങ്ങളെ ഭയപ്പെടുത്താൻ പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണെന്നും യോഗങ്ങൾ സംഘടിപ്പിക്കാൻ അനുമതി നിഷേധിക്കുന്നതിനാൽ ഇനി കോടതിയുടെ സമയം പാഴാക്കാതെ പൊതുജനങ്ങളിൽ നിന്ന് നേരിട്ട് അനുമതി തേടി ആഗ്രഹിക്കുന്ന വേദികളിൽ യോഗങ്ങൾ നടത്തുമെന്നും അവർ വ്യക്തമാക്കി.
കൂടാതെ സുവേന്ദു അധികാരി സർക്കാരിന്റെ ഒഴിപ്പിക്കൽ നടപടികളെ വിമർശിച്ച മമത, നടപ്പാതയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും അതല്ലെങ്കിൽ പ്രതിമാസം 25,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്തും വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ നിയമവിരുദ്ധമായി ഒഴിവാക്കിയുമാണ് ബി.ജെ.പി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.



