മഞ്ചേരിയിൽ വൻ ലഹരിവേട്ട: 10 കോടി വിലമതിക്കുന്ന 12 കിലോ എം.ഡി.എം.എ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: മഞ്ചേരിയിൽ പൊലീസിന്റെ വൻ ലഹരിമരുന്ന് വേട്ട. വിപണിയിൽ ഏകദേശം 10 കോടി രൂപ മൂല്യം കണക്കാക്കുന്ന 12 കിലോ എം.ഡി.എം.എയുമായി വിതരണ സംഘത്തിലെ പ്രധാനികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിതെന്ന് പൊലീസ് ഔദ്യോഗികമായി അറിയിച്ചു.

മഞ്ചേരിയിൽ മുൻപ് 97 ഗ്രാം എം.ഡി.എം.എയുമായി ആറ് പേർ പിടിയിലായ കേസിന്റെ തുടരന്വേഷണമാണ് ഈ വൻ ലഹരിശേഖരത്തിലേക്ക് പൊലീസിനെ എത്തിച്ചത്. അന്വേഷണത്തിനിടെ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളുടെ കാർ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ 12 കിലോ എം.ഡി.എം.എ കണ്ടെത്തിയത്. മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന കേസിൽ ലഹരിമരുന്നിന്റെ പ്രധാന ഉറവിടം, വിതരണ ശൃംഖല, സംഘവുമായി ബന്ധമുള്ള മറ്റ് വ്യക്തികൾ എന്നിവരെ കണ്ടെത്തുന്നതിനായി അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തുടനീളം ലഹരിമാഫിയക്കെതിരെ പൊലീസ് നടത്തിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി. ഈ പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത് 10,600 പേരെ അറസ്റ്റ് ചെയ്തതായി നോർത്ത് സോൺ ഐ.ജി പുട്ട വിമലാദിത്യയും ഡി.ഐ.ജി ടി. നാരായണനും അറിയിച്ചു. പരിശോധനകളിൽ ആകെ 21 കിലോ എം.ഡി.എം.എ, 1,100 കിലോ കഞ്ചാവ്, 4.5 കിലോ ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ലഹരിക്കടത്തിന് പിന്നിലുള്ളവരെയും വിതരണക്കാരെയും പൂർണ്ണമായി വലയിലാക്കാൻ വരുന്ന ദിവസങ്ങളിലും തുടരന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.

Related Articles

- Advertisement -spot_img

Latest Articles