ജിദ്ദ: നേപ്പാളിന്റെ വടക്കൻ മേഖലകളിലുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും നിരവധി പേർ മരണപ്പെടുകയും കാണാതാവുകയും ചെയ്ത സംഭവത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അനുശോചനം രേഖപ്പെടുത്തി. നേപ്പാൾ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലിന് അയച്ച പ്രത്യേക സന്ദേശങ്ങളിലൂടെയാണ് ഇരുനേതാക്കളും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും നേപ്പാളിലെ ജനങ്ങളോടും ആഴത്തിലുള്ള അനുശോചനം അറിയിച്ചത്.
കാണാതായ ആളുകൾ സുരക്ഷിതരായി തങ്ങളുടെ കുടുംബങ്ങളിലേക്ക് മടങ്ങിയെത്തട്ടെ എന്നും നേപ്പാളിന് കൂടുതൽ ദുരന്തങ്ങൾ സംഭവിക്കാതിരിക്കട്ടെ എന്നും സൽമാൻ രാജാവ് ആശംസിച്ചു. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് ആശ്വാസം പകരുകയും വരുംദിവസങ്ങളിൽ സ്ഥിതിഗതികൾ ശാന്തമാകട്ടെയെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സന്ദേശത്തിൽ വ്യക്തമാക്കി.
വടക്കൻ നേപ്പാളിലും അയൽരാജ്യമായ ചൈനയിലുമായി വൻ നാശനഷ്ടമാണ് പ്രകൃതിദുരന്തം വിതച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളിലുമായി 600-ലധികം ആളുകൾ കൊല്ലപ്പെടുകയും 3,000-ത്തോളം പേരെ കാണാതാവുകയും ചെയ്തതായി മാധ്യമങ്ങളും പ്രാദേശിക ഭരണകൂടവും അറിയിച്ചു..



