കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പോലീസ് ബൂട്ടിട്ട് പ്രവേശിച്ച് ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ എടുത്ത നടപടിയിൽ വിശദീകരണവുമായി കോഴിക്കോട് റൂറൽ പോലീസ് മേധാവി മെറിൻ ജോസഫ് രംഗത്തെത്തി. സമൂഹത്തിൽ ഇടപെടുമ്പോൾ പോലീസ് പാലിക്കേണ്ട അടിസ്ഥാനപരമായ ചില മര്യാദകളിലും ശ്രദ്ധയിലും ഈ സംഭവത്തിൽ വീഴ്ചയുണ്ടായെന്നും, ജനങ്ങളുടെ പൊതുവികാരം മാനിക്കുന്നതിൽ വന്ന വീഴ്ച വിലയിരുത്തിയാണ് നടപടിയെന്നും എസ്.പി വ്യക്തമാക്കി. പൊതുസമൂഹത്തിന്റെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ പോലീസ് ബാധ്യസ്ഥരാണെന്നും നിർദേശം പാലിക്കപ്പെടാത്തതിനാലാണ് ചോമ്പാല സ്റ്റേഷൻ എസ്.ഐ ഷമീൽ ഉൾപ്പെടെ അഞ്ച് പോലീസുകാരെ അടിയന്തരമായി കോഴിക്കോട് റൂറൽ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് സ്ഥലംമാറ്റിയതെന്നും അവർ അറിയിച്ചു.
പയ്യോളി എസ്.എച്ച്.ഒ ജയ്‌മോൻ പി.ജെയ്ക്കാണ് ചോമ്പാല സ്റ്റേഷന്റെ പുതിയ ചുമതല നൽകിയിട്ടുള്ളത്. പള്ളിയിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലും പൊലീസിന്റെ ലാത്തിച്ചാർജിലും കലാശിച്ചത്. തർക്കപരിഹാരത്തിനായി എത്തിയ പോലീസ് പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറിയത് വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. മുസ്ലിം ലീഗും കെ.കെ. രമ എം.എൽ.എയും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടികളും പൊലീസിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
അതേസമയം, പോലീസുകാരെ സ്ഥലംമാറ്റിയ നടപടിയിൽ എതിർപ്പ് പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റിയും രംഗത്തുവന്നു. പള്ളിയിലുണ്ടായ പോലീസ് ഇടപെടൽ അനാവശ്യമായിരുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നും, ഇരുവിഭാഗങ്ങൾ തമ്മിലുള്ള അനുരഞ്ജനത്തിനുള്ള എല്ലാ സാധ്യതകളും അടഞ്ഞപ്പോഴാണ് സുരക്ഷയ്ക്കായി പോലീസിന്റെ സഹായം തേടിയതെന്നും കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. കൃത്യസമയത്ത് പോലീസ് ഇടപെട്ടതുകൊണ്ട് മാത്രമാണ് പ്രദേശത്ത് വലിയൊരു സംഘർഷം ഒഴിവാക്കാനും സാഹചര്യം ശാന്തമാക്കാനും സാധിച്ചതെന്നും, അതിനാൽ നിയമപാലകരെ ശിക്ഷിക്കുന്നതിന് പകരം നിയമം ലംഘിച്ച് ആരാധന തടസ്സപ്പെടുത്തിയവർക്കെതിരെയാണ് നടപടിയെടുക്കേണ്ടിയിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്നും, മുസ്ലിം ലീഗും സി.പി.എമ്മും അവിടുത്തെ യഥാർത്ഥ സാഹചര്യം മനസ്സിലാക്കാതെയാണ് വിമർശിക്കുന്നതെന്നും മഹല്ല് കമ്മിറ്റി വ്യക്തമാക്കി.



