ഇടുക്കി: കനത്ത മഴയെത്തുടർന്ന് ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപം താമസിക്കുന്ന ബാലകൃഷ്ണൻ, അദ്ദേഹത്തിന്റെ സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. അപകടത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
മേഖലയിൽ ഉച്ചയോടെ ആരംഭിച്ച ശക്തമായ തോരാമഴയെ തുടർന്നാണ് പ്രദേശം അപകടത്തിലായത്. വീടിനോട് ചേർന്നുള്ള ഷെഡിന് മുകളിലേക്ക് കനത്ത മണ്ണും പാറകളും ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവസമയത്ത് മൂന്ന് പേരാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. പരുക്കേറ്റയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് അതിശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഴയും ദുർഘടമായ ഭൂപ്രകൃതിയും മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസ്സം സൃഷ്ടിച്ചു. ഇടുക്കിയിലെ മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



