ജിദ്ദ: നഗരത്തിലെ റോഡുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി ജിദ്ദ മുൻസിപ്പാലിറ്റി പ്രിൻസ് മജീദ് റോഡിന്റെ നവീകരണ പദ്ധതിക്ക് തുടക്കമിട്ടു. പഴയ മക്കാ റോഡിനും അൽ-ഫലാഹ് റോഡിനും ഇടയിലുള്ള 1.9 കിലോമീറ്റർ ഭാഗമാണ് ആദ്യഘട്ടത്തിൽ വികസിപ്പിക്കുന്നത്. നഗരത്തിന്റെ സുഗമമായ ഗതാഗതവും യാത്രാ സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള ‘സൗദി വിഷൻ 2030’ പദ്ധതിയുടെ ഭാഗമായാണ് ഈ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി റോഡിന്റെ വീതി 52 മീറ്ററായി വർദ്ധിപ്പിക്കുകയും ഇരുവശങ്ങളിലുമായി നാല് വീതം ആകെ എട്ട് വരികളാക്കി മാറ്റുകയും ചെയ്യും. ഇത് ജിദ്ദയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രിൻസ് മജീദ് റോഡിലെ ഗതാഗതം കൂടുതൽ സുഗമമാക്കും. കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, പ്രധാന കായിക കേന്ദ്രങ്ങൾ എന്നിവടങ്ങളിലേക്കുള്ള യാത്ര ഇത് കൂടുതൽ എളുപ്പമാക്കും. റോഡിന്റെ വികസനത്തോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും നഗര സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് മുൻസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.



