റിയാദ്: റിയാദിൽ നടത്താനിരുന്ന പത്താമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് (FII) വാർഷിക നിക്ഷേപ ഉച്ചകോടി 2027-ലേക്ക് മാറ്റിവെച്ചതായി എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഈ വർഷം ഒക്ടോബർ 26 മുതൽ 29 വരെ റിയാദിൽ വെച്ച് സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ‘ദി പവർ ഓഫ് ലെഗസി’ എന്ന പ്രമേയത്തിലുള്ള പത്താം വാർഷിക സമ്മേളനമാണ് നീട്ടിവെച്ചത്. ആഗോള നിക്ഷേപകർ, വ്യവസായ പ്രമുഖർ, നയതന്ത്രജ്ഞർ എന്നിവർ പങ്കെടുക്കേണ്ടിയിരുന്ന സമ്മേളനത്തിന്റെ പുതിയ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പത്താം വാർഷികം എന്ന ചരിത്രപരമായ പ്രാധാന്യം മുൻനിർത്തി അന്താരാഷ്ട്ര തലത്തിൽ കൂടുതൽ മികവോടും വലിയ പങ്കാളിത്തത്തോടും കൂടി പരിപാടി സംഘടിപ്പിക്കാനാണ് മാറ്റിവെച്ചതെന്ന് എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ പ്രിൻസസ് ഡോ. മഹാ ബിന്ത് മിഷാരി അൽ സൗദ് പ്രസ്താവനയിൽ അറിയിച്ചു. പങ്കാളികളോടും പ്രതിനിധികളോടുമുള്ള പ്രതിബദ്ധത പൂർണ്ണമായും ഉറപ്പുവരുത്താനാണ് ഈ തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു. സമ്മേളനത്തിനായി നിലവിൽ പൂർത്തിയാക്കിയ രജിസ്ട്രേഷനുകളും പങ്കാളിത്ത കരാറുകളും സാധുവായി തുടരുമെന്നും, കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് സംഘം പ്രതിനിധികളുമായി നേരിട്ട് ബന്ധപ്പെടുമെന്നും സംഘാടകർ വ്യക്തമാക്കി.



