തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയെച്ചൊല്ലി ഉയർന്ന കടുത്ത പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ധാരണയായി. വഖഫ് ബോർഡിൽ സമസ്ത കാന്തപുരം എ.പി. വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി വഖഫ് ബോർഡിലെ നിലവിലുള്ള അംഗം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സ്ഥാനം ഒഴിയും. പകരം കേരള മുസ്ലിം ജമാഅത്ത് പ്രതിനിധിയെ നിയമിക്കാനാണ് തീരുമാനം.
ഇതിനു പകരമായി നിലവിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവി വഹിക്കുന്ന കാന്തപുരം വിഭാഗത്തിലെ ഹുസൈൻ സഖാഫി ചുള്ളിക്കോട് സ്ഥാനം രാജിവെക്കും. ഒഴിവുവരുന്ന ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവിയിലേക്ക് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിയമിതനാകും. കെ.പി. നൗഷാദലി എം.എൽ.എയുടെ മധ്യസ്ഥതയിൽ നടന്ന നിർണ്ണായക ചർച്ചകളിലാണ് ഇരുവിഭാഗങ്ങളും തമ്മിൽ പ്രശ്നപരിഹാര ധാരണയിലെത്തിയത്.
വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് പിന്നാലെ പ്രമുഖ സമുദായ സംഘടനകളെയും സമസ്തയിലെ ഇരുവിഭാഗങ്ങളെയും പൂർണ്ണമായും അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നത്. തുടർന്ന് യു.ഡി.എഫ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയ കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള കേരള മുസ്ലിം ജമാഅത്ത് ഒക്ടോബർ 22-ന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും ബഹുജന മാർച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ വഖഫ് ബോർഡിൽ അർഹമായ പ്രാതിനിധ്യം ഉറപ്പുനൽകിയ സാഹചര്യത്തിൽ ഒക്ടോബർ 22-ന് നടത്താനിരുന്ന സമരം സംഘടന പിൻവലിച്ചേക്കുമെന്നാണ് വിവരം.



