കോവളം സ്പാ പീഡനക്കേസ്:  ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ; സ്ഥാപനം ബിനാമിയെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച കോവളം സ്പാ പീഡനക്കേസിൽ ഉള്ളൂർ സോണൽ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനം നടന്ന സ്പാ ഇയാളുടെ ബിനാമി സ്ഥാപനമാണെന്നും, സ്ഥാപനത്തിൽ നിന്നുള്ള സാമ്പത്തിക വരുമാനവും മറ്റും കൈകാര്യം ചെയ്തിരുന്നത് അനുരൂപ് ആണെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. അറസ്റ്റിന് പിന്നാലെ പ്രതിയായ അനുരൂപിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി മേയർ അറിയിച്ചു.

പതിനാറുകാരിയായ പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത് കേസിൽ നേരത്തെ അറസ്റ്റിലായ സ്പാ ഉടമ സജിത്താണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മാതൃസഹോദരിയുമായി സജിത്തിനെ പരിചയപ്പെടുത്തിയത് ബംഗളൂരുവിലെ ഒരു യുവതിയാണ്. തുടർന്ന് സജിത്തും യുവതിയും ചേർന്ന് കുടുംബത്തെ കോവളത്ത് എത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. കുട്ടിയെ ചെന്നൈയിലും മറ്റും കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും, ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടില്ലെന്നാണ് മാതൃസഹോദരി പോലീസിന് നൽകിയിരിക്കുന്ന മൊഴി. കഴിഞ്ഞ ഒരു വർഷത്തോളമായി കോവളത്തെ ‘ആയുർകേരള’, ‘ഡാലിയ ഹോം’, ‘കേരള ആയുർവേദ’ എന്നീ മൂന്ന് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. കുട്ടിയുടേത് മനുഷ്യക്കടത്താണെന്ന് വ്യക്തമാക്കിയ പോലീസ് പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്.

കേസിൽ സി.ഡി.ആർ (CDR) ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ നിരത്തി അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിയുടെ സംരക്ഷണച്ചുമതല മാതൃസഹോദരിയും ഭർത്താവുമായിരുന്നു ഏറ്റെടുത്തിരുന്നത്. പീഡനം സഹിക്കവയ്യാതെ വന്നതോടെ പെൺകുട്ടി കോവളത്തുവെച്ച് പരിചയപ്പെട്ട ഒരു യുവാവിനോട് തന്റെ ദുരനുഭവങ്ങൾ തുറന്നുപറയുകയും തുടർന്ന് ഇയാൾക്കൊപ്പം പോവുകയും ചെയ്യുകയായിരുന്നു.

തുടർന്ന് മാതൃസഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ യഥാർത്ഥ പ്രായവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയുടെ കൈവശം 16 വയസ്സും 20 വയസ്സും രേഖപ്പെടുത്തിയ രണ്ട് വ്യത്യസ്ത ആധാർ കാർഡുകൾ ഉണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പെൺകുട്ടിക്ക് 16 വയസ്സാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കുട്ടിയെ സുരക്ഷിതമായി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. അവിടെ വെച്ച് നടത്തിയ കൗൺസിലിംഗിലാണ് ദീർഘകാലമായി താൻ നേരിട്ട ക്രൂരമായ ലൈംഗിക പീഡനങ്ങളെക്കുറിച്ച് കുട്ടി അധികൃതർക്ക് മുന്നിൽ വെളിപ്പെടുത്തിയത്.

Related Articles

- Advertisement -spot_img

Latest Articles