കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്യ മിനി കൂപ്പർ വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന് കുരുക്കായി മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അപകടത്തിന് കാരണം വാഹനത്തിന്റെ സാങ്കേതികപ്പിഴവല്ലെന്ന് വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് എം.വി.ഡി അങ്കമാലി ജോയിന്റ് ആർ.ടി.ഒയ്ക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി സുഹൈലിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ എം.വി.ഡി ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തടസ്സങ്ങളോ തകരാറുകളോ വാഹനത്തിന് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ജോയിന്റ് ആർ.ടി.ഒ കോടതിക്ക് മുമ്പിൽ സമർപ്പിക്കും. കൂടാതെ, ഈ റിപ്പോർട്ടിന്റെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥർക്കും കൈമാറിയിട്ടുണ്ട്.
അപകടസമയത്ത് കാർ മണിക്കൂറിൽ 160 കിലോമീറ്ററിലധികം അതിവേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്നും റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നുണ്ട്. ഇതിനുപുറമെ, അനലിറ്റിക്കൽ ലാബ് പരിശോധനാ ഫലം അനുസരിച്ച് അപകട സമയത്ത് പ്രതി സുഹൈൽ സാധാരണ ഒരാൾ കഴിക്കുന്നതിന്റെ അഞ്ചിരട്ടി മദ്യം സേവിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. കേസിൽ അന്വേഷണം പൂർത്തിയാക്കി വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. കാറിന്റെ ഇ.ഡി.ആർ (EDR) ഫലത്തിനായി നിലവിൽ അന്വേഷണസംഘം കാത്തിരിക്കുകയാണ്. കേസിലെ മുഖ്യപ്രതിയായ സുഹൈലിന്റെ മാതാവും കാറിന്റെ ആർ.സി ഉടമയുമായ നോഹ സജീവിന്റെ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് അവർ അതിൽ നിന്നും ഒഴിവാകുകയായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള ചായക്കടയിൽ നിന്ന് ചായ കുടിച്ച് അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇയ്യാസ്, ദേവിക, ഗോപിക എന്നീ രണ്ട് യുവതികൾ ഉൾപ്പെടെയുള്ള മൂന്ന് പേരാണ് മിനി കൂപ്പർ കാറിടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്. അമിതവേഗതയിലെത്തിയ കാർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ സുഹൈലിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.



