സൗദിയിൽ റെയിൽവേ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്; മൂന്നാം പാദത്തിൽ നാല് കോടി കവിഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ തീവണ്ടി യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 2026-ലെ മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) രാജ്യത്തുടനീളം നാല് കോടിയിലധികം (40.9 മില്യൺ) ആളുകൾ റെയിൽവേ ഉപയോഗിച്ചതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (TGA) പുറത്തുവിട്ട പാദവാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ റിയാദ് മെട്രോയിൽ മാത്രം 30.4 മില്യൺ ആളുകളാണ് യാത്ര ചെയ്‌തത്‌. രാജ്യത്ത് തീവണ്ടി ഗതാഗതത്തിനുള്ള ഉയർന്ന ആവശ്യകതയാണ് ഈ വർധനവ് സൂചിപ്പിക്കുന്നതെന്ന് അതോറിറ്റി സൗദി വാർത്താ ഏജൻസിയോട് പറഞ്ഞു.

കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ 7 മില്യൺ യാത്രക്കാർ ഉപയോഗിച്ചപ്പോൾ, നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി ട്രെയിനുകൾ വഴി 2.5 മില്യൺ ആളുകൾ യാത്ര ചെയ്‌തു. മക്കയെയും മദീനയെയും ജിദ്ദ വഴി ബന്ധിപ്പിക്കുന്ന ഹറമൈൻ എക്സ്പ്രസ് ഹൈസ്പീഡ് റെയിൽവേയിലൂടെ മാത്രം 1.9 മില്യണിലധികം ആളുകൾ സുരക്ഷിതയാത്ര ചെയ്തു.

യാത്രക്കാർക്ക് പുറമെ, ഇതേ കാലയളവിൽ 3.9 മില്യൺ ടൺ ചരക്കുകളും ധാതുക്കളും സൗദി റെയിൽവേ ശൃംഖല വഴി കൈമാറ്റം ചെയ്തിട്ടുണ്ട്. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കാനും റെയിൽവേ വികസനത്തിലൂടെ സാധിക്കുന്നുണ്ടെന്ന് സുരക്ഷാ-ഗതാഗത വൃത്തങ്ങൾ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles