കോട്ടയം: പാമ്പാടി പതിമൂന്നാം മൈലിൽ സ്കൂട്ടർ സ്വകാര്യ ബസിനടിയിൽപ്പെട്ട് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മീനടം വട്ടക്കാവങ്കൽ തോമസിന്റെ മകൾ ആഷ്ലി ആൻ തോമസ് (25), പാമ്പാടി മീനടം സ്വദേശി ഫാദർ കുര്യാക്കോസ് കടവുംഭാഗത്തിന്റെ മകൾ കൃപ (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
പൊൻകുന്നം ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്ക് വീഴുകയും രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പാമ്പാടി പോലീസ് മേൽനടപടികൾ സ്വീകരിക്കുകയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.



