കൊച്ചി: കളമശ്ശേരി ഏലൂരിൽ നടത്തിയ പ്രത്യേക റെയ്ഡിൽ ഭീമമായ അളവിൽ കഞ്ചാവ് പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇരുമ്പ് പൈപ്പുകൾക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇരുപത് കിലോയിലധികം വരുന്ന കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രദേശത്ത് ഇയാൾ മയക്കുമരുന്ന് വ്യാപാരം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എറണാകുളം നാർക്കോട്ടിക്സ് എസിപി ആനന്ദലാലിന്റെ നേതൃത്വത്തിലുള്ള സംഘം കുറേനാളുകളായി പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. ടൂറിസ്റ്റ് ബസിലാണ് പ്രതി കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.
മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുകയോ മണം ലഭിക്കുകയോ ചെയ്യാതിരിക്കാൻ ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് ഇരുമ്പ് പൈപ്പുകൾക്കുള്ളിലേക്ക് കഞ്ചാവ് ശക്തമായി അമർത്തി കുത്തിനിറയ്ക്കുകയായിരുന്നുവെന്ന് എസിപി വ്യക്തമാക്കി. പിന്നീട് ഈ പൈപ്പുകൾ വെട്ടിപ്പൊളിച്ച് കഞ്ചാവ് പുറത്തെടുക്കാൻ പോലീസിനും ഫയർഫോഴ്സിനും മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്യേണ്ടിവന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊച്ചിയിൽ നടക്കുന്ന മൂന്നാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.



