യൂസ്‌ഡ്‌ കാർ വിൽപ്പനയുടെ മറവിൽ രാസലഹരി വിൽപ്പന; 101 ഗ്രാം എം.ഡി.എം.എയുമായി ദിൽരാജ് പിടിയിൽ

സെക്കൻഡ് ഹാൻഡ് കാർ വിൽപ്പനയുടെ മറവിൽ രാസലഹരി വിൽപ്പന; 101 ഗ്രാം എം.ഡി.എം.എയുമായി ദിൽരാജ് പിടിയിൽ
മലപ്പുറം: പഴയ കാറുകളുടെ വിൽപ്പനയുടെ മറവിൽ വൻതോതിൽ രാസലഹരി വിൽപ്പന നടത്തിവന്ന സംഘത്തിലെ പ്രധാനി പൊലീസിന്റെ പിടിയിൽ. പറപ്പൂർ പുഴച്ചാൽ കല്ലക്കയം റോഡിൽ ചിറയിൽ ദിൽരാജ് എന്ന ദിലു (38) ആണ് 101.57 ഗ്രാം എം.ഡി.എം.എയും, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 3.60 ലക്ഷം രൂപയുമായി അറസ്റ്റിലായത്. മലപ്പുറം ഡാൻസാഫും വേങ്ങര പൊലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള് കുടുങ്ങിയത്.

മലപ്പുറം, കോട്ടക്കൽ, വേങ്ങര, കൂരിയാട്, ഇരിങ്ങല്ലൂർ തുടങ്ങിയ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ലഹരിവ്യാപാരം നടത്തിവന്ന പ്രധാന കണ്ണിയാണ് ദിൽരാജെന്ന് പൊലീസ് വ്യക്തമാക്കി. സെക്കൻഡ് ഹാൻഡ് കാറുകളുടെ കച്ചവടത്തിന്റെ മറവിലാണ് ഇയാൾ രഹസ്യമായി ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ച വള്ളുവമ്പ്രം ചീനിക്കലിൽ നിന്ന് ദിൽരാജിന്റെ അമ്മാവൻ മനോജും സംഘവും 357 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതുവഴി ലഭിച്ച തുടർന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ദിൽരാജിലേക്ക് എത്തിയത്. ലഹരിവ്യാപാരവുമായി ബന്ധപ്പെട്ട കേസിൽ ദിൽരാജ് നേരത്തെ വിദേശത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles