ദേശീയ രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗിന്റെ പ്രാധാന്യം വർധിച്ചു; അബ്ദുറഹ്മാൻ കല്ലായി

റിയാദ്: ദേശീയ രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗിന്റെ പ്രാധാന്യം വർധിച്ചുവരികയാണെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർക്കും അവഗണിക്കാനാവാത്ത പ്രസ്ഥാനമായി ലീഗ് മാറിയെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ മാത്രമല്ല, ‘ഇൻഡ്യ’ സഖ്യത്തിന്റെ നിർണ്ണായക തീരുമാനങ്ങളിലും ലീഗിന്റെ അഭിപ്രായത്തിന് വലിയ പ്രാധാന്യമാണുള്ളത്. മുൻ കേന്ദ്രമന്ത്രിയും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇ. അഹമ്മദിന്റെ ദേശീയ തലത്തിലെ പ്രവർത്തനങ്ങളും കോൺഗ്രസ് നേതൃത്വവുമായുള്ള അടുപ്പവും ലീഗിന്റെ യശസ്സ് ഉയർത്താൻ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഡി പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച ‘സ്വത്വം, പൈതൃകം, രാഷ്ട്രീയം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യാനന്തരം ‘അഭിമാനകരമായ അസ്തിത്വം’ എന്ന ആശയം ഉയർത്തിപ്പിടിച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ചത് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ദീർഘദർശനമായിരുന്നു. അദ്ദേഹത്തിന്റെ ആദർശം ഉൾക്കൊണ്ടാണ് നിലവിലെ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ പ്രവർത്തിക്കുന്നത്. കേരളത്തിൽ ബാഫഖി തങ്ങൾ, പാണക്കാട് പൂക്കോയ തങ്ങൾ എന്നിവരിലൂടെ വളർന്ന പാർട്ടിയെ പിന്നീട് ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് നയിച്ചു. ശത്രുവിനെ പോലും മിത്രമാക്കിയ ശിഹാബ് തങ്ങൾ വർഗീയ തീവ്രവാദ സംഘടനകൾക്കെതിരെ ശക്തമായ നിലപാടെടുത്തു. മുൻഗാമികൾ കാണിച്ചുതന്ന പാതയിലൂടെ സാദിഖലി തങ്ങളും സമുദായ ഐക്യവും മതസൗഹാർദ്ദവും നിലനിർത്തി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ-വൈജ്ഞാനിക പുരോഗതിയിൽ ഉലമ-ഉമറാ ബന്ധം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ ബന്ധം തകർക്കാൻ ചിലർ ശ്രമിക്കുന്നത് ഖേദകരമാണെന്നും അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. സോഷ്യൽ മീഡിയ വഴി പാണക്കാട് വിരോധം പ്രചരിപ്പിക്കുന്നവർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹചാരികളാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മനസ്സിൽ കൂടിയാൽ അറിവുള്ളവർ പോലും മതവിരുദ്ധമായ കാര്യങ്ങൾ പറയുമെന്നതിന് കെ.ടി. ജലീൽ, ടി.കെ. ഹംസ എന്നിവർ ഉദാഹരണങ്ങളാണ്. എല്ലാവരും ഐക്യത്തിന്റെ പാതയിൽ മുന്നോട്ട് പോകണമെന്നും ഭിന്നിപ്പും ശത്രുതയും വളർത്തുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സോഷ്യൽ മീഡിയ വഴി അനൈക്യമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രവാസികൾ വിട്ടുനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് പ്രഭാഷണം നടത്തിയ യുവ പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായ മുസ്തഫ ഹുദവി ആക്കോട്, കേരള മുസ്‌ലിംകളുടെ ഇന്നത്തെ വൈജ്ഞാനിക പുരോഗതി പൂർവ്വികരായ മത-രാഷ്ട്രീയ നേതാക്കളുടെ ത്യാഗപൂർണ്ണമായ പ്രവർത്തനഫലമാണെന്ന് വ്യക്തമാക്കി. ആക്കോട് ഇസ്‌ലാമിക് സെന്ററിന്റെ പ്രവർത്തനങ്ങളുമായി പ്രവാസികൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ചടങ്ങിൽ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, ഉസ്മാൻ അലി പാലത്തിങ്ങൽ, കെ.കെ. കോയാമു ഹാജി, മൊയ്തീൻ കുട്ടി തെന്നല, മുഹമ്മദ് വേങ്ങര, യു.പി. മുസ്തഫ, മൊയ്തീൻ കുട്ടി പൊന്മള തുടങ്ങിയവർ ആശംസകൾ നേർന്നു. സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള കുട്ടി അഹമ്മദ് കുട്ടി ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ അഷ്‌റഫ് വെള്ളേപാടത്തിൽ നിന്നും അബ്ദുറഹ്മാൻ കല്ലായി ഏറ്റുവാങ്ങി. നാലര പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം പൊന്മള കോൽക്കളം സ്വദേശി പി.പി. മൊയ്തു ഹാജിക്ക് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. സുബൈർ ഹുദവി ഖിറാഅത്തും, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും, അഷ്‌റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു. സത്താർ താമരത്ത്, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, ജലീൽ തിരൂർ, ഷാഫി മാസ്റ്റർ തുവ്വൂർ, ഷംസു പെരുമ്പട്ട, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles