അമേരിക്കൻ കടന്നാക്രമണത്തിന് തിരിച്ചടി: ബഹ്‌റൈനിലെ യു.എസ് സൈനിക കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഐ.ആർ.ജി.സി

ടെഹ്റാൻ: അമേരിക്കയുടെ കടന്നാക്രമണങ്ങൾക്കുള്ള തിരിച്ചടിയായി ബഹ്‌റൈനിലെ യു.എസ് സൈനിക കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). യു.എസ് സൈനിക താവളങ്ങൾക്ക് നേരെ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തിന്റെ വിവരങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തി ഐ.ആർ.ജി.സിയുടെ പബ്ലിക് റിലേഷൻസ് വിഭാഗം പുറത്തിറക്കിയ പ്രസ്താവന ഇറാനിലെ ‘സെപാഹ് ന്യൂസ്’ ഏജൻസിയാണ് പുറത്തുവിട്ടത്.

അമേരിക്കൻ സൈന്യത്തിന്റെ കടന്നാക്രമണങ്ങൾക്കുള്ള ശക്തവും നിർണ്ണായകവുമായ തിരിച്ചടിയുടെ രണ്ടാം ഘട്ടമെന്ന നിലയിൽ, ബഹ്‌റൈനിലെ അൽ-റിഫ ഹെലികോപ്റ്റർ താവളത്തിലുള്ള യു.എസ് പ്രതിരോധ കേന്ദ്രത്തിലെ റഡാറിന് നേരെ ആറ് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ആഴ്ച തെക്കൻ ഇറാനിലെ സിറിക്കിലുള്ള ടെലികമ്മ്യൂണിക്കേഷൻ ടവറിന് നേരെ നടന്ന വ്യോമാക്രമണത്തിനുള്ള മറുപടിയായാണ് ഈ നീക്കമെന്നും ഐ.ആർ.ജി.സി വ്യക്തമാക്കി.

വിലയേറിയ അമേരിക്കൻ ഡ്രോണുകൾ ഒന്നിനുപുറകെ ഒന്നായി വെടിവെച്ചിടുകയാണെന്നും, മുൻഘട്ടത്തേക്കാൾ കൂടുതൽ ഐ.ആർ.ജി.സി ഡ്രോണുകൾ അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഏതൊരു കടന്നാക്രമണത്തിനും കടുത്തതും കൃത്യവുമായ തിരിച്ചടി ലഭിക്കുമെന്ന് ശത്രുക്കൾ മനസ്സിലാക്കണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles