ദുബൈ/ഷാർജ: മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെ ദുബൈ മാതൃകയിലുള്ള കർശന ശിക്ഷാ നിയമം കേരളത്തിലും നടപ്പാക്കാൻ ആലോചിക്കുന്നതായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദുബൈയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ അതിശക്തമായ നിയമനടപടികളാണ് നിലവിലുള്ളത്. കേരളത്തിലെ റോഡുകളിൽ മദ്യപിച്ചുള്ള വാഹനമോടിക്കൽ മൂലം നിരവധി ജീവനുകൾ പൊലിയുന്ന സാഹചര്യത്തിലാണ് ഈ മാതൃക കേരളത്തിലും നടപ്പാക്കാൻ ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർത്ഥമുള്ള ‘സി.എച്ച്. രാഷ്ട്രസേവാ പുരസ്കാരം’ ദുബൈയിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുരംഗത്തെയും പാർലമെന്ററി രംഗത്തെയും ദീർഘകാല സേവനങ്ങളും മികച്ച സംഭാവനകളും മുൻനിർത്തിയാണ് ചെന്നിത്തലയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
അതേസമയം, പ്രായപൂർത്തിയാകാത്തവർക്ക് ലഭിക്കുന്ന നിയമപരമായ ഇളവുകൾ മുതലെടുത്തുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണെന്നും ജുവനൈൽ നിയമത്തിൽ ഭേദഗതി അനിവാര്യമാണെന്നും ഷാർജ പുസ്തകമേളയിൽ മാധ്യമങ്ങളോട് സംസാരിക്കവെ രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ അനുകൂല പ്രതികരണം സന്തോഷകരമാണ്. നോർക്ക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർദ്ധനവ് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്നും, നിലവിൽ പദ്ധതി ഏറ്റെടുക്കാൻ കമ്പനികൾ തയ്യാറാകാത്ത സാഹചര്യമുണ്ടെങ്കിലും സർക്കാർ ഈ പദ്ധതി കൈയൊഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ചർച്ചകളിലൂടെ ഇതിന് പരിഹാരം കാണാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതിനിടെ, രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഷാർജ റൂളേഴ്സ് കോർട്ട് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽഖാസിമി പ്രകാശനം നിർവഹിച്ച ചടങ്ങിൽ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് റക്കാദ് ആൽ അംരി ആദ്യകോപ്പി ഏറ്റുവാങ്ങി. ചെന്നിത്തലയുടെ ലോ കോളേജ് സഹപാഠിയായ അജയ് മേനോൻ രചിച്ച ‘രമേശ് ചെന്നിത്തല- ഓർമ്മച്ചെപ്പിലെ ഏടുകൾ’ എന്ന പുസ്തകമാണ് ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറക്കിയത്.



