മുഖ്യമന്ത്രിയുടെ ‘പകരം ചോദിക്കും’ പരാമർശം: സത്യപ്രതിജ്ഞാ ലംഘനവും കലാപാഹ്വാനവുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് മുഖ്യമന്ത്രി നടത്തുന്നത് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും, സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി ‘രാഗദ്വേഷങ്ങൾ കൂടാതെ’ പ്രവർത്തിക്കാൻ ബാധ്യസ്ഥനാണെന്നും, ‘പകരം ചോദിക്കും’, ‘എണ്ണിയെണ്ണി ചോദിക്കും’ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണെന്നും പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസംഗം. മർദ്ദനമേറ്റും ചോരപ്പുഴ താണ്ടിയുമാണ് പ്രവർത്തകർ ഈ സർക്കാരിനെ സൃഷ്ടിച്ചതെന്നും, പ്രവർത്തകരുടെ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു. അതിന്റെ പേരിലാണ് പ്രത്യേക അന്വേഷണ സംഘങ്ങളെ (എസ്.ഐ.ടി) രൂപീകരിച്ചതെന്നും അന്വേഷണങ്ങൾ നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു. ഇതിനെതിരെ മുൻ മന്ത്രി തോമസ് ഐസക്കും വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചാണെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണങ്ങളുടെ നിഷ്പക്ഷതയെ സംശയനിഴലിലാക്കുന്നതായി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഇത് പൊലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും മേലുള്ള പരസ്യമായ രാഷ്ട്രീയ സമ്മർദ്ദമാണ്. നാടിന്റെ മുഴുവൻ ഭരണാധികാരി എന്ന പക്വതയ്ക്ക് പകരം, അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ നടത്തുന്നത് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനിടയാക്കുമെന്നും, ഇതിന്റെ ഭാഗമായി ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായാൽ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിക്ക് തന്നെ സംയമനം കൈവിട്ടുപോയാൽ മന്ത്രിമാരും ഉദ്യോഗസ്ഥരും അതേ വഴിയിലാകുമെന്നും, കണ്ണൂരിലെ പ്രസംഗത്തിന് ശ്രോതാക്കളായി രണ്ട് മന്ത്രിമാരും ഉണ്ടായിരുന്നു എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles