ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ റെയിൽവേ ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കലിന്റെ പേരിൽ പള്ളിയും ശാഹി മഖ്ബറയും ഉൾപ്പെടെ നിരവധി മതസ്ഥാപനങ്ങൾ അധികൃതർ പൊളിച്ചുനീക്കി. ശനിയാഴ്ച പുലർച്ചെ മാധവ് നഗർ റെയിൽവേ സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമിന് സമീപമാണ് ആറ് ബുൾഡോസറുകൾ ഉപയോഗിച്ച് മസ്ജിദ് കലന്ദരിയും ശാഹി മഖ്ബറയുമടക്കം പത്തിലധികം ദർഗകൾ തകർത്തത്. അനധികൃതമായി റെയിൽവേ ഭൂമിയിൽ നിർമ്മിച്ച കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
നടപടിയിലൂടെ ഏകദേശം 15,000 ചതുരശ്ര അടി ഭൂമിയാണ് ഒഴിപ്പിച്ചത്. 2028-ൽ ഉജ്ജയിനിൽ നടക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് എത്തുന്ന തീർത്ഥാടകർക്കായി ഇവിടെ കാത്തിരിപ്പ് കേന്ദ്രവും വിശ്രമസ്ഥലവും ഒരുക്കാനാണ് റെയിൽവേയുടെ പദ്ധതി.
അതേസമയം, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച റെയിൽവേയുടെ വാദം വഖ്ഫ് കമ്മിറ്റി പൂർണ്ണമായും തള്ളി. ഈ ഭൂമിയുമായി ബന്ധപ്പെട്ട കേസ് ഭോപ്പാലിലെ വഖ്ഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണെന്ന് കമ്മിറ്റി ചെയർമാൻ വ്യക്തമാക്കി. കോടതിയിൽ കേസ് നിലനിൽക്കെ നടത്തിയ പൊളിക്കൽ നടപടി തികച്ചും നിയമവിരുദ്ധമാണെന്നും, ഇതിനെതിരെ അധികൃതർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകുമെന്നും വഖ്ഫ് കമ്മിറ്റി അറിയിച്ചു.



