രാജ്യത്തെ എല്ലാ ഹിന്ദു വീടുകളിലും തോക്ക് കരുതണമെന്ന വിവാദ ആഹ്വാനവുമായി തെലങ്കാന എം.എൽ.എ ടി. രാജാ സിങ്

ഹൈദരാബാദ്: രാജ്യത്തെ എല്ലാ ഹിന്ദു വീടുകളിലും ലൈസൻസുള്ള തോക്കുകൾ കരുതണമെന്ന വിവാദ ആഹ്വാനവുമായി തെലങ്കാനയിലെ ഗോഷാമഹൽ എം.എൽ.എ ടി. രാജാ സിങ്. ഹിന്ദുക്കളുടെ സുരക്ഷ അപകടത്തിലാണെന്നും, വീടുകളിൽ ആയുധങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ സ്വത്തിനോ സ്ത്രീകൾക്കോ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ഒരു കൂട്ടം സംഘപരിവാർ പ്രവർത്തകർക്കൊപ്പം തോക്കുമായി നിൽക്കുന്ന രാജാ സിങ്ങിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐയും പങ്കുവെച്ചിട്ടുണ്ട്.

‘നാം രണ്ട്, നമുക്ക് രണ്ട്’ നിയമം നടപ്പാക്കിയില്ലെങ്കിൽ ഹിന്ദുക്കളുടെ സുരക്ഷയ്ക്കായി വീടുകളിൽ ആയുധം സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് രാജാ സിങ് വ്യക്തമാക്കി. മുസ്‌ലിം ജനസംഖ്യ വർദ്ധിച്ചാൽ പാകിസ്ഥാനിലേതിന് സമാനമായ അതിക്രമങ്ങളും മതപരിവർത്തനവും കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഇന്ത്യയിലും ആരംഭിക്കുമെന്ന് അദ്ദേഹം ആരോപിച്ചു. അടുത്ത 15 മുതൽ 20 വർഷത്തിനുള്ളിൽ ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ മൂന്ന് മടങ്ങ് വർദ്ധിക്കുമെന്ന് അവകാശപ്പെടുന്ന ഒരു പത്രറിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടായിരുന്നു എം.എൽ.എയുടെ പരാമർശങ്ങൾ.

ഉത്തർപ്രദേശിലെ തോക്ക് സംസ്കാരത്തെ പ്രശംസിച്ച രാജാ സിങ്, അവിടുത്തെ എല്ലാ വീടുകളിലും ലൈസൻസുള്ള തോക്കുകളുണ്ടെന്നും രാജ്യമെമ്പാടുമുള്ള ഹിന്ദു വീടുകളിലും സമാനമായ ക്രമീകരണം വേണമെന്നും കൂട്ടിച്ചേർത്തു. രാജ്യത്തെ ഹിന്ദുക്കളുടെ അനുഗ്രഹത്താലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്നും, അദ്ദേഹം നേതൃത്വം ഏറ്റെടുത്താൽ എല്ലാം സാധ്യമാകുമെന്ന് വിശ്വസിക്കുന്നതായും രാജാ സിങ് പറഞ്ഞു. 2023-ൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച രാജാ സിങ് 2025-ൽ പാർട്ടി വിട്ടെങ്കിലും സംഘപരിവാറുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. വർഗീയ പ്രചാരണത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ പതിനെട്ടോളം കേസുകൾ നിലവിലുണ്ട്.

Related Articles

- Advertisement -spot_img

Latest Articles