ന്യൂദൽഹി: പർച്ചേസിംഗ് പവർ പാരിറ്റി അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ തങ്ങളല്ല എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ അമേരിക്കയ്ക്ക് പ്രയാസമാണെന്ന് നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സ്. നവംബർ 14-ന് ദൽഹിയിൽ നടന്ന 24-ാമത് ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് ഉച്ചകോടിയിൽ, അർത്ഥ ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നിരഞ്ജൻ രാജാധ്യക്ഷയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം ഒരു ബഹുധ്രുവ വ്യവസ്ഥയിലേക്ക് (Multipolarity) നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും, പി.പി.പി അടിസ്ഥാനത്തിൽ കഴിഞ്ഞ ദശകത്തിൽ തന്നെ ചൈന അമേരിക്കയുടെ ജി.ഡി.പിയെ മറികടന്നതാണ് ആഗോള സാമ്പത്തിക ക്രമത്തിലെ പ്രധാന മാറ്റമെന്നും 1997 മുതൽ 2000 വരെ ലോകബാങ്കിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന സ്റ്റിഗ്ലിറ്റ്സ് വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്ക ഏകധ്രുവ ശക്തിയായിരുന്നുവെങ്കിലും ഒരു ദശാബ്ദം മുമ്പ് തന്നെ പി.പി.പി അടിസ്ഥാനത്തിൽ ചൈന മുന്നിലെത്തിയിരുന്നു. അന്ന് രണ്ടാം സ്ഥാനത്തായെന്ന് സമ്മതിക്കാൻ അമേരിക്കയോ, ഒന്നാമതെത്തിയെന്ന് പരസ്യമായി അവകാശപ്പെടാൻ ചൈനയോ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനയുടെ വളർച്ചാ നിരക്കിൽ ഇപ്പോൾ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും 4.5 മുതൽ 5 ശതമാനം വരെയുള്ള വളർച്ച അമേരിക്കയുടേതിന്റെ ഏകദേശം ഇരട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. 2026 ഒക്ടോബറിലെ അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) റിപ്പോർട്ട് പ്രകാരം നോമിനൽ ജി.ഡി.പിയിൽ അമേരിക്ക (32.64 ട്രില്യൺ ഡോളർ) മുന്നിലാണെങ്കിലും, പി.പി.പി അടിസ്ഥാനത്തിൽ ചൈന (44.6 ട്രില്യൺ ഡോളർ) അമേരിക്കയേക്കാൾ (32.6 ട്രില്യൺ ഡോളർ) ഏറെ മുന്നിലാണ്. ഈ വർഷം ചൈനയ്ക്ക് 4.5 ശതമാനവും അമേരിക്കയ്ക്ക് 2.3 ശതമാനവുമാണ് ഐ.എം.എഫ് വളർച്ച പ്രവചിക്കുന്നത്. കയറ്റുമതി വൻശക്തിയെന്ന നിലയിലുള്ള ചൈനയുടെ വളർച്ച തുടക്കത്തിൽ അമേരിക്കയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചിരുന്നെങ്കിലും, ഇത്രയും വലിയൊരു എതിരാളിയായി ചൈന മാറുമെന്ന് ആരും കരുതിയിരുന്നില്ലെന്നും സ്റ്റിഗ്ലിറ്റ്സ് പറഞ്ഞു.
അതേസമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ വരും വർഷങ്ങളിൽ അമേരിക്കയുടെ ആഗോള സ്ഥാനത്തിന് വലിയ അനിശ്ചിതത്വമുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മികച്ച പ്രതിഭകളെ, പ്രത്യേകിച്ച് ഇന്ത്യക്കാരെ ആകർഷിച്ചിരുന്ന അമേരിക്കൻ സർവകലാശാലകൾ, ഗവേഷണം, ശാസ്ത്രം എന്നീ മേഖലകളിൽ ട്രംപ് ഭരണകൂടം കടന്നുകയറ്റം നടത്തുകയാണ്. വിദേശ വിദ്യാർത്ഥി വിസകൾക്ക് സമയപരിധി നിശ്ചയിച്ചതും, എച്ച്1ബി (H1B) വിസ ഫീസ് കുത്തനെ കൂട്ടിയതും, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 15 ശതമാനമായി പരിമിതപ്പെടുത്താൻ ശ്രമിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണ്. ഈ നടപടികളിൽ ചിലത് അമേരിക്കൻ കോടതികൾ തടഞ്ഞിട്ടുണ്ട്.
ട്രംപിന് കീഴിൽ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണിപ്പെടുത്തൽ സ്വഭാവത്തിനെതിരെ ലോകത്തിലെ മറ്റ് രാജ്യങ്ങൾ, പ്രത്യേകിച്ച് ഇടത്തരം ശക്തികൾ ഒന്നിച്ച് നിൽക്കണമെന്നും സ്റ്റിഗ്ലിറ്റ്സ് ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഗുണം ചെയ്തത് ഇതാണെന്ന് വിലയിരുത്തിയ അദ്ദേഹം, സ്ത്രീകൾ പുരോഗമന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നത് തുടരുമ്പോഴും 35 വയസിന് താഴെയുള്ള പുരുഷന്മാർക്കിടയിൽ വലതുപക്ഷ രാഷ്ട്രീയം വളരുന്നതിൽ ആശങ്കയും രേഖപ്പെടുത്തി.



