കോഴിക്കോട്: നാട്ടുകാരുടെയും മഹല്ല് കമ്മിറ്റിയുടെയും മുന്നറിയിപ്പ് അവഗണിച്ച് വിവാഹച്ചടങ്ങിൽ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. കോഴിക്കോട് നാദാപുരം തൂണേരിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. വധുവിന്റെ അയൽപക്കത്ത് മരണവീടുള്ളതിനാൽ ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് നാട്ടുകാരും തൂണേരി മഹല്ല് കമ്മിറ്റിയും നേരത്തെ തന്നെ വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ ഇത് വകവെക്കാതെ, വിവാഹ ദിവസം പേരോട് നിന്നും തൂണേരിയിലെ വധൂഗൃഹത്തിലെത്തിയ വരന്റെ സംഘം പടക്കവും ബാന്റ്മേളവും ഉൾപ്പെടെയുള്ള ആഘോഷ സാമഗ്രികളുമായി എത്തുകയായിരുന്നു.
വധുവിന്റെ വീട്ടിലെത്തിയ വരന്റെ കൂട്ടുകാർ പടക്കം പൊട്ടിച്ചതും ആഘോഷിച്ചതും നാട്ടുകാർ തടഞ്ഞതോടെയാണ് വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് ഉന്തും തള്ളിലും തുടർന്ന് കൂട്ടത്തല്ലിലും കലാശിച്ചു. വിവാഹ പന്തലിലുണ്ടായിരുന്ന മറ്റുള്ളവർ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല.
വിവരമറിഞ്ഞ് നാദാപുരം പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. തുടർന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരുമായി പോലീസ് ചർച്ച നടത്തുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തു. സംഭവത്തിൽ ഇരുകൂട്ടർക്കും അന്യോന്യം പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.



